ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: പരീക്ഷണാടിസ്ഥാനത്തിൽ 2025-ന്റെ അവസാന പാദത്തിൽ നടപ്പിലാക്കുമെന്ന് സൂചന

featured GCC News

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2025-ന്റെ അവസാന പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് സൂചന. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് മന്ത്രിയും, എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ ടൗഖ് അൽ മാരി എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് പരീക്ഷാടിസ്ഥാനത്തിലുള്ള ഒരു ഘട്ടം 2025 നാലാം പാദത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മേഖലയെ മുഴുവൻ ഒന്നിപ്പിക്കുന്നതിൽ ഈ വിസ സുപ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ഈ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായാണ് ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നത്. ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി 2025 ജൂലൈ 2-ന് അറിയിച്ചിരുന്നു.