സൗദി: ആരോഗ്യ മേഖലയിലെ 4 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

featured GCC News

രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി അധികൃതർ അറിയിച്ചു. 2025 ഒക്ടോബർ 17-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2025 ഒക്ടോബർ 17-ന് ആരംഭിച്ചിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് നടപ്പിലാക്കുന്നത്.

രണ്ടാം ഘട്ടത്തിൽ രാജ്യവ്യാപകമായി താഴെ പറയുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:

  • തെറപ്യൂറ്റിക് ന്യൂട്രിഷൻ തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും.
  • ഫിസിയോതെറാപ്പി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 80 ശതമാനമാക്കി ഉയർത്തും.
  • റേഡിയോളജി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 65 ശതമാനമാക്കി ഉയർത്തും.
  • മെഡിക്കൽ ലബോറട്ടറി തൊഴിൽ പദവികളിൽ – സ്വദേശിവത്കരണ തോത് 70 ശതമാനമാക്കി ഉയർത്തും.

ഈ തീരുമാനം സൗദി അറേബ്യയിലെ മുഴുവൻ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കും ബാധകമാണ്. ഈ മേഖലകളിലെ സ്പെഷ്യലിസ്റ്റുകൾക്കുള്ള ചുരുങ്ങിയ വേതനം 7000 ആക്കുന്നതിനും, ടെക്നിഷ്യന്മാരുടെ ചുരുങ്ങിയ വേതനം 5000 ആക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

2025 ഏപ്രിൽ 17 മുതൽ നിലവിൽ വന്ന ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടം റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അൽ ഖോബാർ എന്നിവിടങ്ങളിലെ മുഴുവൻ ആശുപത്രികളിലും, മറ്റു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും, മറ്റു മേഖലകളിലെ വലിയ മെഡിക്കൽ കേന്ദ്രങ്ങളിലും മാത്രമാണ് നടപ്പിലാക്കിയത്.