ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകളെക്കുറിച്ച് യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി

featured GCC News

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2025 നവംബർ 7-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യഥാർത്ഥം എന്ന് തോന്നുന്നതും എന്നാൽ കപടമായതുമായ ഇത്തരം ‘ഡീപ്ഫേക്ക്’ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങൾ ഇൻറർനെറ്റിൽ ഏറി വരുന്നതായി യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. എ ഐ സോഫ്റ്റ്‌വെയറുകളുടെ വളരെ വേഗത്തിലുള്ള പുരോഗതി ഡീപ്ഫേക്ക് സാങ്കേതികവിദ്യയെ അതിവേഗം മുന്നോട്ട് നയിക്കുന്നതായും, ഇത് യഥാർത്ഥ വ്യക്തികളുടെ ശബ്ദം, രൂപം എന്നിവ ഉയർന്ന കൃത്യതയോടെ പകർത്തുന്നതിന് വഴിതെളിക്കുന്നതായും കൗൺസിൽ കൂട്ടിച്ചേർത്തു.

ഇത്തരം ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇടയാക്കുമെന്നും, സമൂഹത്തിൽ തെറ്റായതും, ഹാനികരമായതുമായ വിവരങ്ങൾ പ്രചരിക്കുന്നതിന് കാരണമാകുമെന്നും യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ പൊതുജനങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും, ആധികാരികത ഉറപ്പില്ലാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഊഹാപോഹങ്ങൾ, സൈബർകുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുള്ള യു എ ഇ ഫെഡറൽ ഡെക്രീ നിയമം ’34/ 2021′ പ്രകാരം ഇത്തരം തെറ്റായ വിവരങ്ങൾ പങ്കവെക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതാണ്.