യു എ ഇ നാഷണൽ ഡേ: സുരക്ഷാ നിർദ്ദേശങ്ങളുമായി റാസ് അൽ ഖൈമ പോലീസ്

featured GCC News

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിൽ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് നൽകി. 2025 നവംബർ 27-നാണ് റാസ് അൽ ഖൈമ പോലീസ് ഇക്കാര്യം അറിയിച്ചത്.

ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്:

  • റോഡുകളിൽ മാർഗ്ഗതടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടുക, പൊതുഇടങ്ങളിൽ മറ്റുള്ളവർക്ക് മാർഗ്ഗതടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ നിർത്തിയിടുക, റോഡിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തുക, വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുക തുടങ്ങിയ പ്രവർത്തികളെല്ലാം കർശനമായി നിരോധിച്ചിട്ടുണ്ട്.
  • പൊതുജനങ്ങൾ അനുമതിയില്ലാതെ തടിച്ച് കൂടുന്നതും, പെട്ടന്നുള്ള റാലികൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
  • വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് നിരോധിച്ചിട്ടുണ്ട്.
  • വാഹനങ്ങളുടെ സൺറൂഫ് മുഴുവൻ സമയവും തുറന്ന് വെക്കുക, വാഹനങ്ങളുടെ ജാലകങ്ങളിലൂടെ പുറത്തേക്ക് ചാഞ്ഞിരുന്ന് സഞ്ചരിക്കുക എന്നിവ നിരോധിച്ചിട്ടുണ്ട്.
  • വാഹനങ്ങളുടെ മുൻവശങ്ങളിലെയും, ഇരുവശങ്ങളിലെയും ചില്ലുകൾ മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കുന്നതല്ല.
  • വാഹനങ്ങളിലെ ലൈസൻസ് പ്ലേറ്റുകൾ മറയുന്ന രീതിയിലോ, അവയ്ക്ക് മാറ്റം വരുത്തുന്ന രീതിയിലോ ഉള്ള അലങ്കാരങ്ങൾ അനുവദിക്കുന്നതല്ല.
  • നാഷണൽ ഡേ ഡ്രൈവിൽ പങ്കെടുക്കുന്ന മുഴുവൻ പേരും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതും, പോലീസ് അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.
  • നാഷണൽ ഡേയുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള സ്കാർഫുകൾ മാത്രമാണ് ധരിക്കുന്നതിന് അനുമതി നൽകുന്നത്.
  • ദേശീയ ഗാനം, നാഷണൽ ഡേയുമായി ബന്ധപ്പെട്ട സംഗീതം എന്നിവയ്ക്ക് പുറമെ ഉച്ചത്തിലുളള മറ്റു ഗാനങ്ങൾ അനുവദിക്കുന്നതല്ല.
  • ആഘോഷങ്ങളിൽ എല്ലാ തരത്തിലുള്ള സ്പ്രേകളും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ, വാഹനങ്ങളിലെ മറ്റു യാത്രികർ, കാൽനടക്കാർ തുടങ്ങി എല്ലാവർക്കും ഈ നിരോധനം ബാധകമാണ്.
  • വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് നിരോധിച്ചിട്ടുണ്ട്.
  • യു എ ഇയുടെ ദേശീയ പതാകയ്ക്ക് പുറമെയുള്ള മറ്റു പതാകകൾ ഉയർത്തുന്നത് നിരോധിച്ചിട്ടുണ്ട്.

ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും, അവയ്ക്ക് പിഴ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.