ദുബായ്: ഡിസംബർ 12, 13 തീയതികളിൽ അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

GCC News

2025 ഡിസംബർ 12, 13 തീയതികളിൽ അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാൻ അവസരമൊരുക്കുമെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.

ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് ഔദ്യോഗിക വെബ്‌സൈറ്റിലാണ് (https://dubaiastronomy.com/) ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. ഈ വർഷത്തെ ജെമിനിഡ്സ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2025 ഡിസംബർ 13, 14 തീയതികളിലെ രാത്രികളിൽ ദൃശ്യമാകുന്നതാണ്.

ഈ വർഷത്തെ ജെമിനിഡ്സ് ഉൽക്കവർഷത്തോടനുബന്ധിച്ച് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അൽ ഖുദ്ര ഡെസേർട്സിൽ സംഘടിപ്പിക്കുന്ന നിരീക്ഷണ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 2025 ഡിസംബർ 12, 13 തീയതികളിൽ രാത്രി 10 മണി മുതൽ പുലർച്ചെ 2 മണിവരെയാണ് ഈ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്.

ജെമിനിഡ്സ് ഉൽക്കവർഷത്തിന്റെ ഭാഗമായി അതിന്റെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങളിൽ ഒരു മണിക്കൂറിനിടയിൽ 150-തോളം ഉൽക്കകളാണ് ദൃശ്യമാകുക. 3200 ഫേത്തോൺ എന്ന ഛിന്നഗ്രഹം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ജെമിനിഡ്സ് ഉൽക്കമഴ, എല്ലാ വർഷവും ഡിസംബർ ആദ്യം മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ഇത് എല്ലാ വർഷവും ഡിസംബർ പകുതിയോടെയാണ് അതിന്റെ ഏറ്റവും തെളിമയോടെ വീക്ഷിക്കാവുന്ന പാരമ്യത്തിൽ എത്തുന്നത്.

2025 ഡിസംബർ പകുതിയിൽ രാത്രികാലങ്ങളിൽ ചന്ദ്രൻ ഏറെ നേരംവൈകി ഉദിക്കുന്നതിനാൽ ജെമിനിഡ്സ് ഉൽക്കമഴ വളരെ തെളിമയോടെ കാണുന്നതിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.