അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026 (ലിവ 2026) 2025 ഡിസംബർ 12-ന് ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധിയായ H.H. ഹസാ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026-ന്റെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

Source: Abu Dhabi Media Office.

ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ലൈറ്റ് ഷോകൾ, ലേസർ, ഡ്രോൺ ഷോകൾ, കരിമരുന്ന് പ്രദർശനം, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ അൽ ഫുർസാൻ അവതരിപ്പിച്ച ത്രസിപ്പിക്കുന്ന വ്യോമാഭ്യാസ പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറി. തുടർന്ന് ഇരുവരും ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026 വേദിയിലൂടെ പര്യടനം നടത്തി.

ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെ നീണ്ട് നിൽക്കും. അൽ ദഫ്‌റയിലെ ലിവയിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

അൽ ദഫ്‌റ മേഖലയിൽ സ്ഥിതി ചെയ്യുന്ന, യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ, 300 മീറ്റർ ഉയരമുള്ള താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഒത്തൊരുമിപ്പിച്ചാണ് ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡൂൺ ഡ്രൈവിംഗ് തുടങ്ങിയ മത്സരങ്ങൾക്കൊപ്പം തത്സമയമുള്ള വിനോദപരിപാടികൾ, സാംസ്കാരികക്കാഴ്ചകൾ തുടങ്ങിയവയും അരങ്ങേറുന്നതാണ്.