സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ്

featured GCC News

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 18-നാണ് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സാമൂഹിക മാധ്യമങ്ങളിലും, മറ്റു ഡിജിറ്റൽ സംവിധാനങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് റാസ്‌ അൽ ഖൈമ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഊഹാപോഹങ്ങളും സൈബർകുറ്റകൃത്യങ്ങളും തടയുന്നതിനുള്ള യു എ ഇ ഫെഡറൽ നിയമം ’34/ 2021′-ലെ ആർട്ടിക്കിൾ 52 പ്രകാരം ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും, കിംവദന്തികളും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും, പക്ഷപാതപരമായ റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ ഇന്റർനെറ്റ്, ഇലക്ട്രോണിക് ശൃംഖലകൾ, സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്ന ആർക്കും കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷയും 100000 ദിർഹം പിഴയും ലഭിക്കുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതൽ ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷ ലഭിക്കുന്നതാണ്.

പൊതുവികാരം വൃണപ്പെടുത്തുന്നതും, പൊതുജനങ്ങളിൽ ഭീതി ഉളവാക്കുന്നതും, ദേശീയ സുരക്ഷ, ദേശീയ സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് കോട്ടം വരുത്തുന്നതും, സാമൂഹിക സ്ഥിരതയ്ക്ക് കോട്ടം വരുത്തുന്നതും ഉൾപ്പടെയുള്ള തെറ്റായതും, വഴിതെറ്റിക്കുന്നതുമായ ഉള്ളടക്കങ്ങൾ പങ്ക് വെക്കുന്നവർക്കും, പ്രചരിപ്പിക്കുന്നവർക്കും ഇതേ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കുന്നതാണ്.

പകർച്ചവ്യാധികൾ, പ്രതിസന്ധികൾ, ദുരന്തങ്ങൾ എന്നിവ അനുഭവപ്പെടുന്ന അവസരങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്ക് വെക്കുന്നവർക്കും, യു എ ഇ അധികൃതർക്കെതിരായി പൊതുവികാരം ഉയരുന്നതിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കും രണ്ട് വർഷം വരെ തടവും, ചുരുങ്ങിയത് രണ്ട് ലക്ഷം ദിർഹം വരെ പിഴയും ചുമത്തുന്നതാണ്.