ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി. 2025 ഡിസംബർ 20-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
اتفاقيّةُ الشّراكة الاقتصاديّة العُمانيّة-الهنديّة تعزز النّموّ وتفتح آفاقًا جديدة للتجارة والاستثمارhttps://t.co/iIBOFbmglP#العُمانية#النشرة_الاقتصادية pic.twitter.com/f5QN7FSVQb
— وكالة الأنباء العمانية (@OmanNewsAgency) December 20, 2025
ഈ കരാർ ഇന്ത്യൻ വിപണിയിലേക്ക് മുൻഗണനാ പ്രവേശനം നൽകുന്നതായും, എണ്ണ ഇതര കയറ്റുമതി ഉത്തേജിപ്പിക്കുന്നതായും, ഒരു പ്രാദേശിക വാണിജ്യകേന്ദ്രം എന്ന രീതിയിൽ ഒമാനുള്ള പദവി ശക്തിപ്പെടുത്തുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വ്യാപാര വിനിമയം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും, ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും, ഗുണനിലവാരമുള്ള നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കരാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ കാരാർ ഇരു രാജ്യങ്ങളുടെയും മുൻഗണനാ മേഖലകളിലുടനീളം സഹകരണം ഉറപ്പാക്കുന്നുവെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വർഷങ്ങളായി വളർന്ന് വരുന്ന സാമ്പത്തിക ഇടപെടലുകൾ ഏകീകരിക്കുന്നതിനും, വ്യാപാര, നിക്ഷേപ പങ്കാളിത്ത മേഖലയിൽ അതിവിപുലമായ ചക്രവാളങ്ങൾ തുറക്കുന്നതിനും CEPA കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024-ൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 7 ബില്യൺ ഡോളറിലെത്തിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത് ഇന്ത്യയെ പോളിയെത്തിലീൻ, യൂറിയ, ജിപ്സം, എത്തിലീൻ, മറ്റു പെട്രോകെമിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളി എന്ന സ്ഥാനത്തേക്ക് ഉയർത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. CEPA കരാർ നിലവിൽ വന്നതോടെ ഈ വ്യാപാരം കൂടുതൽ പുതിയ തലങ്ങളിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2025 ഡിസംബർ 18-ന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്.
Cover Image: Oman News Agency.

