ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. 2026 ജനുവരി 30-നാണ് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Cyber Security Council, Emirates Post Group, and DARB warn about fake and fraudulent messages via SMS, WhatsApp, or email, that request users to click on links and share credit card details or claim discounts.
— Cyber Security Council (@cscgovae) January 30, 2026
If you receive such messages, do not click on any links, and report… pic.twitter.com/Q0N1eNw2nw
വ്യക്തിവിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തിട്ടുള്ള വ്യാജ സന്ദേശങ്ങൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. വിവരങ്ങൾ മോഷ്ടിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങൾ എസ് എം എസ്, ഇമെയിൽ, വാട്സാപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം സംവിധാനങ്ങളിലുള്ള സന്ദേശങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടി.
എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, ഡാർബ് പ്ലാറ്റ്ഫോം എന്നിവരുമായി സംയുക്തമായാണ് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാജ സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാനോ വഞ്ചനാപരമായ ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്താനോ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന രീതിയാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും, സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ഓൺലൈൻ പ്രതലങ്ങളിൽ അലക്ഷ്യമായി പങ്ക് വെക്കുന്നതും ഒഴിവാക്കണമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിങ്ങൾ ആവശ്യപ്പെടാതെ ലഭിക്കുന്ന സന്ദേശങ്ങൾ വഴി പേയ്മെന്റ് വിശദാംശങ്ങൾ ആവശ്യപ്പെടില്ലെന്ന് കൗൺസിൽ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിപ്പെടുന്നവർ ഉടൻ തന്നെ ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും പോലീസ് അധികൃതരെ അറിയിക്കണമെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Pixabay.

