ദുബായ് എയർപോർട്ട്: യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല

GCC News

വിമാനകമ്പനികളിൽ നിന്ന് യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർ ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിപ്പ് നൽകി. 2026 മാർച്ച് 2-ന് രാത്രിയാണ് ദുബായ് എയർപോർട്ട്സ് അധികൃതർ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന സമയം സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പുമായി വിമാനക്കമ്പനികൾ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്ഥിരീകരിച്ച പുറപ്പെടൽ സമയം ഇല്ലാത്ത യാത്രക്കാരെ തിരിച്ചയക്കുന്നതായും സൂചനയുണ്ട്.

“സ്ഥിരീകരിച്ച പുറപ്പെടൽ സമയം അറിയിച്ചുകൊണ്ട് നിങ്ങളുടെ എയർലൈൻ നിങ്ങളെ ബന്ധപ്പെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിൽ വരരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഫ്ലൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ദയവായി നിങ്ങളുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെടുക.”, ദുബായ് എയർപോർട്ട്സ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

2026 മാർച്ച് 2-ന് വൈകീട്ട് മുതൽ പരിമിതമായ തോതിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (GCAA) നേരത്തെ സ്ഥിരീകരിച്ചിരുന്നു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങൾ മൂലം കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പരിമിതമായ തോതിൽ പുനരാരംഭിച്ചിരിക്കുന്നത്.

ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവിടങ്ങളിൽ നിന്ന് ഇതിന്റെ ഭാഗമായി വളരെ കുറച്ച് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ദുബായ് എയർപോർട്ട്സ് അധികൃതർ ഇത്തരം ഒരു കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരക്ക് ഒഴിവാക്കുന്നതിനും യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായി വിമാന സർവീസുകൾ തടസ്സപ്പെട്ട യാത്രക്കാരോട്, അവരുടെ വിമാന സമയവും വിശദാംശങ്ങളും അതത് എയർലൈനുകൾ അറിയിക്കുന്നതുവരെ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് GCAA-യും അഭ്യർത്ഥിച്ചിട്ടുണ്ട്.