ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

GCC News

ലോകകപ്പ് വേളയിൽ വ്യാജ സ്ട്രീമിംഗ് ലിങ്കുകൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഡിജിറ്റൽ ദുബായ് ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. 2026 ജൂൺ 13-നാണ് ഡിജിറ്റൽ ദുബായ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഫിഫ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും, ഓൺലൈൻ ലിങ്കുകളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നത് ഒഴിവാക്കാനും ഡിജിറ്റൽ ദുബായ് ആഹ്വനം ചെയ്തിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി വളരെയധികം ഫുട്ബോൾ ആരാധകർ ഓൺലൈനിലെത്തുന്ന സാഹചര്യത്തിൽ, അനൗദ്യോഗിക സ്ട്രീമിംഗ് ലിങ്കുകൾ ഉപയോഗിക്കുന്നത് സൈബർ തട്ടിപ്പ്, ഡാറ്റ മോഷണം, ക്ഷുദ്ര സോഫ്റ്റ്‌വെയർ തുടങ്ങിയവയുടെ ഭീഷണികൾക്ക് ഇരയാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ഡിജിറ്റൽ ദുബായ് ചൂണ്ടിക്കാട്ടി. അനധികൃത ലൈവ് സ്ട്രീമിംഗ് ലിങ്കുകൾ പലപ്പോഴും ഉപയോക്താക്കളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് തിരിച്ചുവിടുകയോ, വ്യക്തിഗത വിവരങ്ങളും ഓൺലൈൻ അക്കൗണ്ടുകളും ചോർത്തുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള മാൽവെയർ ഉൾപ്പടെയുള്ള ക്ഷുദ്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതിന് കാരണമാകുകയോ ചെയ്യുന്നതായി ഡിജിറ്റൽ ദുബായ് കൂട്ടിച്ചേർത്തു.

ഇത്തരം ഭീഷണികൾ ഒഴിവാക്കുന്നതിനായി ഔദ്യോഗിക പ്രക്ഷേപണ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കാനും, വെബ്‌സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവ പരിശോധിക്കാനും, വ്യക്തിഗത വിവരങ്ങൾ, പാസ്‌വേഡുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌കോഡുകൾ (OTP) പങ്കിടുന്നത് ഒഴിവാക്കാനും ഡിജിറ്റൽ ദുബായ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആരാധകർക്കിടയിൽ ഏറെ പ്രിയങ്കരമായ കായിക ടൂർണമെന്റുകൾ നടക്കുന്ന അവസരങ്ങളിൽ വഞ്ചനാപരമായ വെബ്‌സൈറ്റുകൾ, വ്യാജ സ്ട്രീമിംഗ് സേവനങ്ങൾ, ഫിഷിംഗ് കാമ്പെയ്‌നുകൾ എന്നിവ വർദ്ധിക്കുന്നതായി ഡിജിറ്റൽ ദുബായ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വ്യക്തിഗത ഡാറ്റയും സാമ്പത്തിക വിവരങ്ങളും സംരക്ഷിക്കുന്നതിനായി ഓൺലൈൻ സംവിധാനങ്ങളിൽ നിരന്തര ജാഗ്രത പുലർത്തേണ്ടത് വളരെ പ്രധാനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.