പുതിയ ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന. കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സിംഗിൾ-ഓണർ ബിസിനസുകൾക്കുള്ള ഇത്തരം ലൈസൻസുകൾ കുവൈറ്റിൽ സാധാരണയായി ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ബിസിനസ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യുന്നതിനായാണ് ഈ നടപടിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കിയ തീരുമാനം സിംഗിൾ-ഓണർ ബിസിനസുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകൾക്ക് മാത്രമാണ് ബാധകമാക്കിയിരിക്കുന്നത്. നിലവിൽ ഇത്തരം സാധുതയുള്ള ലൈസൻസുള്ള വ്യക്തികളെ ഈ തീരുമാനം ബാധിക്കുന്നതല്ല.
നിലവിൽ സാധുതയുള്ള സിംഗിൾ-ഓണർ ബിസിനസ് ലൈസൻസുകൾ കൈവശമുള്ള വ്യക്തികളുടെ കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരാവുന്നതാണ്. ഈ അവലോകന കാലയളവിൽ ഇത്തരം വ്യക്തികളുടെ നിയമപരമായ സ്റ്റാറ്റസ്, പ്രവർത്തനങ്ങൾ അല്ലെങ്കിൽ ലൈസൻസുകൾ എന്നിവ മാറുന്നതല്ല.

