സൗദി അറേബ്യ: മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് 90 ദിവസത്തെ പരിധി നിശ്ചയിച്ചു

GCC News

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് സൗദി അറേബ്യയിൽ തുടരുന്നതിന് 90 ദിവസത്തെ പരിധി നിശ്ചയിച്ചയിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനം 2026 ഓഗസ്റ്റ് 26 മുതൽ സൗദി അറബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ തീരുമാന പ്രകാരം, മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിച്ച ശേഷം രാജ്യത്ത് തുടരുന്നതിന് 90 ദിവസത്തെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്.

ഈ സമയ പരിധിയ്ക്കുള്ളിൽ ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് സൗദി അറേബ്യയിൽ തുടരുന്നതിനുള്ള സമയപരിധി 30 ദിവസത്തേക്ക് കൂടി നീട്ടുന്നതിന് അപേക്ഷിക്കുകയോ, അല്ലെങ്കിൽ വാഹനങ്ങൾ സൗദി ലൈസൻസ് പ്ലേറ്റുകൾ ലഭിക്കുന്നതിനായി നിബന്ധനകൾക്ക് അനുസൃതമായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്.

സൗദി പൗരന്മാരുടെയോ ജിസിസി ഇതര നിവാസികളുടെയോ ഉടമസ്ഥതയിലുള്ള ജിസിസി-രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും അവർക്ക് ഓടിക്കാൻ ഔദ്യോഗികമായി അധികാരമുള്ള വാഹനങ്ങൾക്കും ഈ പരിധി ബാധകമാകുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ കസ്റ്റംസ് തുറമുഖം വഴി സൗദി അറേബ്യയിലേക്ക് വാഹനം ആദ്യമായി പ്രവേശിക്കുന്ന തീയതി മുതൽ, 90 ദിവസങ്ങൾ തുടർച്ചയായോ, അല്ലെങ്കിൽ 365 ദിവസത്തെ കാലയളവിൽ പലതവണയായോ ഈ കാലാവധി കണക്കാക്കുന്നതാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചിട്ടുള്ള വാഹനങ്ങൾക്ക് 2026 ആഗസ്റ്റ് 26 മുതൽ നവംബർ 23 അവസാനം വരെ 90 ദിവസത്തെ ഒരു ഗ്രേസ് പിരീഡ് നൽകുന്നതാണ്.

ഈ ഇളവ് കാലാവധി അവസാനിക്കുന്നതിന് മുൻപായി വാഹന ഉടമകൾക്കോ ​​അംഗീകൃത ഡ്രൈവർമാർക്കോ വാഹനം സൗദി അറേബ്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാനോ സൗദി ലൈസൻസ് പ്ലേറ്റുകൾ ലഭിക്കുന്നതിനായി വാഹനം സ്ഥിരമായി രാജ്യത്ത് രജിസ്റ്റർ ചെയ്യാനോ കഴിയുന്നതാണ്. ഈ കാലവധിയ്ക്ക് ശേഷം സൗദി അറേബ്യയിൽ തുടരുന്ന ഇത്തരം വാഹനങ്ങൾക്ക് 1000 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം വാഹനങ്ങളുടെ നിയമലംഘനങ്ങൾ ചട്ടപ്രകാരം ശരിപ്പെടുത്തുന്നത് വരെ അവ പിടിച്ചെടുക്കുന്നതിനും അധികൃതർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.