റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി പബ്ലിക് സെക്യൂരിറ്റി സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നത് 300 റിയാൽ വരെ പിഴ ലഭിക്കാവുന്ന ഗതാഗത നിയമലംഘനമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശൈലി വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നത് മൂലമോ, ഏതെങ്കിലും കാരണങ്ങൾ കൊണ്ട് വാഹന നിയന്ത്രണം നഷ്ടപ്പെടുന്നത് മൂലമോ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടത് മറ്റ് ഡ്രൈവർമാരെയും, റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണെന്ന് പബ്ലിക് സെക്യൂരിറ്റി ഊന്നിപ്പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമലംഘകർക്കെതിരെ പിഴകൾ ചുമത്തുന്നത് തുടരുമെന്ന് പബ്ലിക് സെക്യൂരിറ്റി കൂട്ടിച്ചേർത്തു.
വാഹനമോടിക്കുന്ന അവസരത്തിൽ ജാഗ്രത പാലിക്കാനും, ഗതാഗതം സുഗമമാക്കുന്നതിനും, അപകട നിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും പബ്ലിക് സെക്യൂരിറ്റി ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

