സൗദി അറേബ്യ: പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

GCC News

രാജ്യത്ത് അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 8-നാണ് സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിൽ പെർമിറ്റില്ലാതെ കാർ റേസുകൾ സംഘടിപ്പിക്കുകയോ പൊതു റോഡുകളിൽ കോൺവോയ് ആയി വാഹനമോടിക്കുകയോ ചെയ്താൽ 6,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ റേസിംഗുകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ നടപടി ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

നിയമവിരുദ്ധമായ റേസുകളും വാഹനവ്യൂഹങ്ങളും റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് സൗദി ഗതാഗത വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്താവുന്നതാണ്.

അനധികൃത റേസുകളിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിനും നിയമലംഘകരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുന്നതിനുമായി സൗദി നഗരങ്ങളിലുടനീളമുള്ള ഗതാഗത വകുപ്പുകൾ ഫീൽഡ്, അണ്ടർകവർ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.