രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 സെപ്റ്റംബർ 15-ന് അവസാനിച്ചു. 2026 സെപ്റ്റംബർ 15-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
بعد 3 أشهر، تنتهي اليوم فترة تطبيق قرار حظر العمل تحت أشعة الشمس. pic.twitter.com/PEOY90nZBt
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) September 15, 2026
നാഷണൽ കൗൺസിൽ ഫോർ ഒക്ക്യൂപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി ചേർന്നാണ് മന്ത്രാലയം ഇത് നടപ്പിലാക്കിയത്. 2026 ജൂൺ 15 മുതലാണ് മൂന്ന് മാസത്തേക്കുള്ള ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നത്.
ഈ കാലയളവിൽ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.
ഈ വർഷം 95 ശതമാനം സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി നടപ്പിലാക്കിയതായി MHRSD വ്യക്തമാക്കിയിട്ടുണ്ട്. 2025-ൽ 94 ശതമാനം സ്ഥാപനങ്ങളാണ് മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നത്.

