ദുബായ്: അമർ കേന്ദ്രങ്ങൾ ഏപ്രിൽ 26 മുതൽ പ്രവർത്തനമാരംഭിക്കും

GCC News

ദുബായിൽ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി എമിറേറ്റിലെ എല്ലാ അമർ കേന്ദ്രങ്ങളും ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA, Dubai), ശനിയാഴ്ച്ച അറിയിച്ചു.

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 മുതൽ ദുബായിലെ എല്ലാ അമർ കേന്ദ്രങ്ങളിലും നേരിട്ടുള്ള സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഓൺലൈനിലും, സ്മാർട്ട് ആപ്പ് വഴിയും ലഭ്യമാകുന്ന വിസ സേവനങ്ങൾ തുടരുമെന്നും GDRFA അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച മുതൽ അമർ കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ സേവനങ്ങൾ ലഭ്യമായിരിക്കും. കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക എന്നും GDRFA വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി തെർമൽ സ്‌ക്രീനിങ്ങ്, മാസ്കുകൾ എന്നിവ ജീവനക്കാർക്കും സേവനങ്ങൾക്കായി എത്തുന്നവർക്കും നിർബന്ധമാക്കിയിട്ടുണ്ട്. സമൂഹ അകലം പാലിച്ച് കൊണ്ട് മാത്രമേ ഈ കേന്ദ്രങ്ങളിൽ സേവനങ്ങൾക്കായി സന്ദർശനാനുമതി ലഭിക്കുകയുള്ളൂ.