കുവൈറ്റ്: മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

GCC News

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പ്രൊമോട്ടർമാർ, പരസ്യദാതാക്കൾ, ഡിജിറ്റൽ പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ കുവൈറ്റ് മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. 2026 ഒക്ടോബർ 4-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ ഒരു നിയന്ത്രണ ചട്ടക്കൂടാണ് കുവൈറ്റ് അവതരിപ്പിക്കുന്നത്.

ലൈസൻസിംഗ്, പരസ്യങ്ങൾ, അവലോകനങ്ങൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, കൂടാതെ ഉള്ളടക്ക നിർമ്മാണത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ഉപയോഗം തുടങ്ങിയ മേഖലകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ പ്രൊമോഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയെല്ലാം ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

പൊതുജനാഭിപ്രായത്തിലും ഉപഭോക്തൃ പെരുമാറ്റത്തിലും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കുണ്ടാകുന്ന വർധിച്ചുവരുന്ന സ്വാധീനത്തെ അഭിസംബോധന ചെയ്യുന്ന ഈ ഭേദഗതികൾ മുൻ നിയമങ്ങളിൽ അത്രത്തോളം വ്യക്തമായി ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരു മേഖലയ്ക്ക് കൃത്യമായ ചട്ടങ്ങൾ ഇത് ആവിഷ്കരിക്കുന്നതിന് ലക്ഷ്യമിടുന്നു. കുവൈറ്റിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഉള്ളടക്കം തയ്യാറാക്കുന്ന അവസരങ്ങളിൽ പൗരന്മാരോ പ്രവാസികളോ സന്ദർശകരോ ആയ പരസ്യദാതാക്കൾക്കും പ്രൊമോട്ടർമാർക്കും ഈ നിയമത്തിലെ വ്യവസ്ഥകൾ ബാധകമായിരിക്കുന്നതാണ്.

പ്രതിഫലം വാങ്ങിയോ അല്ലാതെയോ പരസ്യ-പ്രൊമോഷണൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് ലൈസൻസ് ആവശ്യമായി വന്നേക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ലൈസൻസ് നേടേണ്ട സാഹചര്യങ്ങൾ, നിബന്ധനകൾ, നിയന്ത്രണങ്ങൾ എന്നിവ എക്സിക്യൂട്ടീവ് ചട്ടങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നതാണ്.