യു എ ഇയിലെ ഇന്ത്യൻ പാസ്സ്പോർട്ട് സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഒരു അറിയിപ്പ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി 2026 ഒക്ടോബർ 21-ന് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു.
ഈ അറിയിപ്പ് പ്രകാരം, 2026 ഒക്ടോബർ 22 മുതൽ യു എ ഇയിൽ നിലവിലുള്ള നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) അടച്ചുപൂട്ടുന്നതായും, ഇന്ത്യൻ കോൺസുലാർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ യു എ ഇയിലുടനീളമുള്ള മറ്റു 12 ICACs കേന്ദ്രങ്ങൾ വഴി തുടർന്നും ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അൽഹിന്ദ് ഒരു പുതിയ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അടച്ചുപൂട്ടുന്ന നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ കേന്ദ്രങ്ങളിൽ മൂന്നെണ്ണത്തിൽ നിന്ന് ഇതുവരെ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള പാസ്പോർട്ട് വിതരണം ചെയ്യുന്നതിനായുള്ള വിതരണ കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കുമെന്ന് അൽഹിന്ദ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പ്രവർത്തനം അവസാനിപ്പിക്കുന്ന നാല് ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലെയും പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ അറിയിപ്പ് പ്രകാരം, അബുദാബിയിലെ മുസ്സഫ, ദുബായിലെ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഷാർജയിലെ അൽ മജാസ് എന്നിവിടങ്ങളിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടുള്ള ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ കേന്ദ്രങ്ങളിലെ പാസ്സ്പോർട്ട് ഡെലിവറി കൗണ്ടറുകളിൽ നിന്നാണ് പാസ്പോർട്ട് വിതരണ സേവനം നൽകുന്നത്. എന്നാൽ ഇവിടെ നിന്ന് മറ്റു സേവനങ്ങളൊന്നും ലഭ്യമാക്കുന്നതല്ല.
പ്രവർത്തനം അവസാനിപ്പിച്ചിട്ടുള്ള നാലാമത്തെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ കേന്ദ്രമായ അബുദാബിയിലെ അൽ റീമിൽ നിന്ന് പാസ്സ്പോർട്ട് ഡെലിവറി സേവനങ്ങൾ ലഭ്യമാകുന്നതല്ലെന്നും, ഇവിടെ നിന്നുള്ള പാസ്സ്പോർട്ടുകൾ അബുദാബിയിലെ അൽ ദനാഹ് സെന്ററിൽ നിന്ന് ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപേക്ഷ നൽകുന്ന അവസരത്തിൽ പാസ്സ്പോർട്ടുകൾ സേവനകേന്ദ്രത്തിൽ നിന്ന് നേരിട്ട് വന്നു വാങ്ങാൻ തിരഞ്ഞെടുത്ത അപേക്ഷകർ മാത്രമാണ് ഈ കേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ടതുള്ളൂ എന്നും, കൊറിയർ വഴി പാസ്പോർട്ട് ലഭിക്കാൻ തിരഞ്ഞെടുത്തവർക്ക്, നിശ്ചയിക്കപ്പെട്ട കൊറിയർ സേവനം വഴി പാസ്പോർട്ട് എത്തിച്ചുനൽകുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

