അബുദാബി: 2027 ജൂൺ മുതൽ റെസ്റ്റോറന്റ് മെനുകളിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കുന്നു.

GCC News

അബുദാബിയിലെ റെസ്റ്റോറന്റുകളിലെ മെനുകളിൽ 2027 ജൂൺ മുതൽ കലോറി വിവരങ്ങൾ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കാൻ തീരുമാനിച്ചു. 2026 നവംബർ 26-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബി അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള ഈ പുതിയ നയം അനുസരിച്ച്, 2027 ജൂൺ മാസം മുതൽ എമിറേറ്റിലുടനീളമുള്ള റെസ്റ്റോറന്റുകളിലെ മെനുകളിൽ ഭക്ഷണത്തിന്റെ പോഷകമൂല്യവും കലോറി വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതുണ്ട്.

ഭക്ഷണം തിരഞ്ഞെടുക്കുന്ന വേളയിൽ തന്നെ കൃത്യമായ പോഷക വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ, ഭക്ഷണശാലകളിൽ എത്തുന്നവർക്ക് കൂടുതൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ സഹായിക്കുന്നതാണ്.

അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് (DoH), അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC), അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA), അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ (QCC) എന്നിവയുമായി ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഈ നയം. അബുദാബിയിൽ റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി, കഴിക്കാൻ പാകത്തിലുള്ള ഭക്ഷണവും പാനീയങ്ങളും വിളമ്പുന്ന എല്ലാ സ്ഥാപനങ്ങളും, തങ്ങളുടെ അച്ചടിച്ച മെനുകളിലും, ഡിജിറ്റൽ മെനുകളിലും കലോറി വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ഈ നയം അനുശാസിക്കുന്നു.

മെനു ബുക്ക്‌ലെറ്റുകൾ, ഓൺലൈൻ മെനുകൾ, സ്ഥാപനത്തിനുള്ളിലെ ഡിസ്‌പ്ലേകൾ, സെൽഫ്-ഓർഡർ കിയോസ്‌കുകൾ, ഡ്രൈവ്-ത്രൂ മെനുകൾ, പ്രചാരണ സാമഗ്രികൾ, ഫ്ലയറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മേളകൾ, മറ്റ് പരിപാടികൾ എന്നിങ്ങനെ ആറു മാസത്തിൽ കുറഞ്ഞ കാലയളവിലേക്ക് മാത്രം പ്രവർത്തിക്കുന്ന താൽക്കാലിക ഭക്ഷണ സേവനങ്ങളെ ഈ നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ പുതിയ നിബന്ധന പ്രകാരം, ഇതിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എല്ലാ മെനുകളിലും ഓരോ ഭക്ഷണ-പാനീയ ഇനത്തിന്റെയും കലോറി അളവ് (കിലോ കലോറി – kcal) വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ, മുതിർന്നവർക്കും കുട്ടികൾക്കും ദിവസേന ആവശ്യമായ ശരാശരി കലോറിയെക്കുറിച്ചുള്ള വിവരങ്ങളും ഇതിനൊപ്പം നൽകേണ്ടതുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പക്ഷം, മാക്രോ ന്യൂട്രിയന്റുകളുടെ അളവ് ഉൾപ്പെടെയുള്ള കൂടുതൽ പോഷകാഹാര വിവരങ്ങളും അവർക്ക് ലഭ്യമാക്കേണ്ടതാണ്.

കലോറി കണക്കുകൂട്ടലുകളിൽ സ്ഥിരത ഉറപ്പാക്കുന്നതിനും വ്യത്യാസങ്ങൾ കുറയ്ക്കുന്നതിനുമായി, ‘ADPHC SEHHI Calorie Calculator’ ഉൾപ്പെടെ അഞ്ച് ഏകീകൃത ടൂളുകൾക്ക് അധികൃതർ അംഗീകാരം നൽകിയിട്ടുണ്ട്.