ഏതാനും ആഴ്ചകൾ നീണ്ട പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം മത്ര കേബിൾ കാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2026 നവംബർ 24-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
The "Muttrah Teleferik" project has been officially inaugurated in the Governorate of #Muscat. It is designed to boost tourism and draw visitors from within the Sultanate of #Oman and beyond. Spanning approximately 3 kilometres, the project harnesses the natural, geographical and historical riches of the Wilayat of #Muttrah.
— Oman News Agency (@ONA_eng) November 24, 2026
ഈ പദ്ധതിയുടെ സോഫ്റ്റ് ഓപ്പണിംഗ് ഘട്ടം 2026 നവംബർ 8-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു. രണ്ടാഴ്ചത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് ശേഷം 2026 നവംബർ 24-ന് ഈ ടൂറിസം പദ്ധതി പൂർണ്ണതോതിൽ ഔദ്യോഗികമായി തുറന്ന് കൊടുക്കുകയായിരുന്നു.
മസ്കറ്റ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ‘സബീൻ ഇൻവെസ്റ്റ്മെന്റ്’ കമ്പനിയാണ് ഈ കേബിൾ കാർ പദ്ധതി വികസിപ്പിച്ചത്. മസ്കറ്റ് തീരപ്രദേശത്തിന്റെ മനോഹരമായ കാഴ്ചകൾ വ്യത്യസ്തമായ രീതിയിൽ ആസ്വദിക്കുന്നതിന് മത്ര കേബിൾ കാർ അവസരമൊരുക്കുന്നു.
മത്ര തുറമുഖം, അൽ റായ മേഖലയിലെ മലമുകൾ, ഹയ് അൽ വാർഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ കേബിൾ കാർ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒമാനിലെ ടൂറിസം മേഖലയെ വൈവിധ്യവത്കരിക്കുക, ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുക, മത്രയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ചരിത്രപ്രസിദ്ധമായ മത്ര തീരപ്രദേശം, പോർട്ട് സുൽത്താൻ ഖാബൂസ്, പരിസര പ്രദേശങ്ങൾ എന്നിവയുടെ വിശാലമായ കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിക്കുന്ന മത്ര കേബിൾ കാർ മത്ര സൂഖിലും തീരപ്രദേശത്തും വാണിജ്യ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായകമാകുന്നതാണ്.
3 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കേബിൾ കാർ റൂട്ടിൽ മൂന്ന് സ്റ്റേഷനുകളും 18 ക്യാബിനുകളും ഉണ്ട്. ഇതിലൂടെ മണിക്കൂറിൽ 800 യാത്രക്കാർക്ക് വരെ സഞ്ചരിക്കാനാകുന്നതാണ്.

ഒമാനിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന, ഇത്തരത്തിലുള്ള ആദ്യത്തെ കേബിൾ കാർ പദ്ധതിയാണിതെന്ന് മത്ര കേബിൾ കാർ കമ്പനി ചെയർമാൻ ഖാലിദ് ബിൻ സഈദ് അൽ നബ്ഹാനി അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലുള്ള മികച്ച ജനപങ്കാളിത്തം, സന്ദർശകർക്കായി പുതിയ വിനോദസഞ്ചാര ആകർഷണങ്ങൾക്കുള്ള ആവശ്യകതയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മത്ര ഫിഷ് മാർക്കറ്റിനും മത്ര വാട്ടർഫ്രണ്ട് പ്രോജക്റ്റിനും ഇടയിലുള്ള പോർട്ട് സ്റ്റേഷനിൽ നിന്നാണ് ഈ കേബിൾ കാർ റൂട്ട് ആരംഭിക്കുന്നത്. മത്ര സൂഖിനും ക്രൂയിസ് ഷിപ്പ് ടെർമിനലിനും സമീപം സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ സന്ദർശകർക്കും ക്രൂയിസ് കപ്പൽ യാത്രക്കാർക്കും വേണ്ടിയുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നതാണ്.
പോർട്ട് സ്റ്റേഷനിൽ നിന്ന് മത്ര കോട്ടയ്ക്കും അൽ റിയാം പാർക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സമ്മിറ്റ് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ കേബിൾ കാർ റൂട്ട് ഒരുക്കിയിരിക്കുന്നത്. തുടർന്ന് മസ്കറ്റ് ഗേറ്റിന് സമീപമുള്ള അൽ റിയാം പാർക്കിനുള്ളിലെ ഹേ അൽ വാർഡ് സ്റ്റേഷനിൽ ഈ കേബിൾ കാർ റൂട്ട് അവസാനിക്കുന്നു.

ഈ കേബിൾ കാർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി മത്ര വിലായത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവും വിളിച്ചോതുന്ന ഒരു നാടകാവതരണം ഒരുക്കിയിരുന്നു. ഒമാൻ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലുള്ള ചരിത്രപരവും ആധുനികവുമായ അടയാളസ്ഥലങ്ങളുടെ ചെറുമാതൃകകൾ പ്രദർശിപ്പിക്കുന്ന ‘മിനിയേച്ചർ ഒമാൻ’ എന്ന പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
കൂടാതെ, ഉദ്ഘാടന ചടങ്ങിൽ അതിഗംഭീരമായ വെടിക്കെട്ടും ഡ്രോൺ പ്രദർശനവും അരങ്ങേറി.
Cover Image: muttrahteleferik.com

