അബുദാബി: മോട്ടോർസൈക്കിൾ, ഡെസർട്ട് ക്യാമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

GCC News

വാടകയ്ക്ക് മോട്ടോർസൈക്കിൾ നൽകുന്നതും, ഡെസർട്ട് ക്യാമ്പ് ബുക്കിംഗ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2026 നവംബർ 22-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ശൈത്യകാലത്ത് ഔട്ട്‌ഡോർ വിനോദങ്ങൾക്കുള്ള വർധിച്ച ആവശ്യം മുതലെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർസൈക്കിൾ വാടക, വിൽപ്പന, ഡെസർട്ട് ക്യാമ്പുകൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്. ആകർഷകമായ വിലകളും ഓഫറുകളും വാഗ്ദാനം ചെയ്ത്, ഉപഭോക്താക്കളിൽ നിന്ന് പണം മുൻകൂറായി നേടുന്നതിനും, അവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റുകളും ബുക്കിംഗ് ലിങ്കുകളും ഉപയോഗിച്ചാണ് ഈ തട്ടിപ്പുകൾ നടത്തുന്നത്. ഡെസർട്ട് ക്യാമ്പുകളിൽ റിസർവേഷനുകൾ ഉറപ്പാക്കുന്നതിനും, മോട്ടോർസൈക്കിളുകൾ വാങ്ങുന്നതിനും, വാടകയ്ക്ക് ലഭിക്കുന്നതിനും വേണ്ടി മുൻകൂറായി പണം കൈമാറാൻ ഇരകളോട് ഇവർ ആവശ്യപ്പെടുന്നു.

പണം നൽകുന്നതിന് മുൻപ് പരസ്യങ്ങളുടെയും ബുക്കിംഗ് ലിങ്കുകളുടെയും ആധികാരികത പരിശോധിക്കണമെന്നും, ലൈസൻസുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംശയാസ്പദമായതോ അപരിചിതമായതോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിൽ നിന്നും, സ്ഥിരീകരിക്കാത്ത അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതിൽ നിന്നും, വ്യക്തിഗത വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, വെരിഫിക്കേഷൻ കോഡുകൾ എന്നിവ അംഗീകാരമില്ലാത്ത വ്യക്തികളുമായി പങ്കിടുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

തട്ടിപ്പുകളോ മറ്റ് സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ, അബുദാബി പോലീസിന്റെ ‘അമാൻ’ സേവനവുമായി ബന്ധപ്പെട്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. 8002626 എന്ന നമ്പറിൽ വിളിച്ചോ, 2828 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചോ ഇത് ചെയ്യാവുന്നതാണ്.