വിദേശത്ത് നിന്നെത്തുന്നവർ തങ്ങളുടെ കൈവശം 3000 ദിനാറിൽ കൂടുതൽ മൂല്യമുള്ള കറൻസി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം നിർബന്ധമായും അധികൃതരെ അറിയിക്കണമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. 2026 നവംബർ 26-നാണ് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
الافصاح يحميك من المسائلة القانونية #جمارك_الكويت #اللجنة_الوطنية #مكافحة_غسيل_الاموال https://t.co/jgqL7qS4Ea
— جمارك الكويت (@customsgovkw) November 24, 2026
കുവൈറ്റിലേക്ക് പ്രവേശിക്കുമ്പോഴോ, അവിടെ നിന്ന് പുറത്തേക്ക് പോകുമ്പോഴോ 3,000 കുവൈറ്റി ദിനാറോ അതിൽ കൂടുതലോ മൂല്യമുള്ള കറൻസിയോ, അതിന് തുല്യമായ മറ്റ് സാമ്പത്തിക ഉപകരണങ്ങളോ കൈവശം സൂക്ഷിച്ചിട്ടുള്ള യാത്രികർക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്. ഇത് പാലിക്കാത്ത പക്ഷം ഒരു വർഷം വരെ തടവും, വെളിപ്പെടുത്താത്ത തുകയ്ക്ക് തുല്യമായ തുക പിഴയായും ലഭിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3,000 കുവൈറ്റി ദിനാറോ അതിൽ കൂടുതലോ മൂല്യമുള്ള കുവൈറ്റ് കറൻസിയ്ക്കും, തത്തുല്യ മൂല്യമുള്ള വിദേശ കറൻസിയ്ക്കും ഒരുപോലെ ഈ നിയമം ബാധകമാണെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാക്കിയിരിക്കുന്ന ഈ ബാധ്യത കറൻസി നോട്ടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും, മറിച്ച് ട്രാവലേഴ്സ് ചെക്കുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, കൈവശം വെക്കുന്നയാൾക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നൽകിയിട്ടുള്ളതോ അത്തരത്തിൽ കൈമാറ്റം ചെയ്യാവുന്നതോ ആയ പേയ്മെന്റ് ഓർഡറുകൾ തുടങ്ങിയവക്കും ബാധകമാണെന്നും കുവൈറ്റ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ ഗുണഭോക്താക്കളുടെ പേരിൽ നൽകിയിട്ടുള്ള രേഖകളും, ഗുണഭോക്താവിന്റെ പേര് വ്യക്തമാക്കാതെ ഒപ്പ് മാത്രം രേഖപ്പെടുത്തിയിട്ടുള്ള അപൂർണ്ണമായ രേഖകളും ഇതിന്റെ പരിധിയിൽ വരുമെന്നും കുവൈറ്റ് കസ്റ്റംസ് കൂട്ടിച്ചേർത്തു.
യാത്രികരുടെ കൈവശമുള്ള പണം, കൈമാറ്റം ചെയ്യാവുന്ന മറ്റു സാമ്പത്തിക ഉപകരണങ്ങൾ എന്നിവയുടെ ഉറവിടത്തെക്കുറിച്ചും അവ എന്തിനുവേണ്ടിയാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ആവശ്യപ്പെടാൻ കസ്റ്റംസ് അധികൃതർക്ക് അധികാരമുണ്ടെന്ന് കുവൈറ്റ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, അല്ലെങ്കിൽ ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ഉണ്ടെങ്കിൽ, ആ പണം പൂർണ്ണമായോ ഭാഗികമായോ കണ്ടുകെട്ടാൻ അധികൃതർക്ക് അധികാരമുണ്ട്. ആവശ്യപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുകയോ, ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ, അല്ലെങ്കിൽ തെറ്റാണെന്ന് തെളിയിക്കപ്പെട്ട വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലും അധികൃതർക്ക് പണം കണ്ടുകെട്ടാവുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ, നിയമലംഘനത്തിൽ ഉൾപ്പെട്ട തുകയുടെ പകുതിയിൽ കുറയാത്തതും, എന്നാൽ ആ തുകയുടെ മുഴുവൻ മൂല്യത്തിൽ കവിയാത്തതുമായ പിഴ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണെന്നും കുവൈറ്റ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

