ഒമാനിലെ ഹോട്ടലുകളിൽ രാത്രി ഷിഫ്റ്റുകളിൽ പ്രവാസി റിസപ്ഷനിസ്റ്റുകളെ നിയമിക്കുന്നതിനുള്ള ഇളവ് 2027 ജൂൺ 30 വരെ നീട്ടി. 2026 നവംബർ 24-നാണ് ഒമാനിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تنظيم تشغيل موظف استقبال فندقي مناوب غير عماني. #تراث_وسياحة https://t.co/KtOhlhfH3F
— وزارة التراث والسياحة – سلطنة عُمان (@OmanMHT) November 24, 2026
2026 ഏപ്രിൽ 30-ലെ പ്രഖ്യാപനത്തെ പരാമർശിച്ച് കൊണ്ട് മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലറിൽ, കഴിഞ്ഞ ആറു മാസത്തിനിടെ ഹോട്ടലുകൾ ജീവനക്കാരുടെ നിയമങ്ങൾ പാലിച്ചതും, സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിബന്ധനകൾ അനുസരിച്ചതും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഇളവ് നീട്ടി നൽകുന്നതിനുള്ള തീരുമാനം സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുള്ള തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. അംഗീകാര കാലാവധി അവസാനിച്ച ഹോട്ടലുകൾക്ക്, തങ്ങളുടെ സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിനായി മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.
ഓരോ ഹോട്ടലിലും ജോലി ചെയ്യുന്ന ഒമാനി റിസപ്ഷനിസ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും 2027 ജൂൺ 30 വരെ ഈ ഇളവ് അനുവദിക്കുന്നത്.
ഒന്ന് മുതൽ മൂന്ന് വരെ ഒമാനി റിസപ്ഷനിസ്റ്റുകളുള്ള ഹോട്ടലുകൾക്ക്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനായി ഒരു പ്രവാസി റിസപ്ഷനിസ്റ്റിനെ നിയോഗിക്കാവുന്നതാണ്. നാല് മുതൽ ആറ് വരെ ഒമാനി റിസപ്ഷനിസ്റ്റുകളുള്ള ഹോട്ടലുകൾക്ക് രണ്ട് പ്രവാസികളെയും, ഏഴ് അല്ലെങ്കിൽ അതിൽ കൂടുതൽ ഒമാനി റിസപ്ഷനിസ്റ്റുകളുള്ള ഹോട്ടലുകൾക്ക് മൂന്ന് പ്രവാസികളെയും ഇത്തരത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനായി നിയോഗിക്കാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട അനുമതി പത്രങ്ങൾക്ക് അവ അനുവദിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുണ്ടെന്നും, വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം അവ പുതുക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകൾ, ശനിയാഴ്ചകൾ, ഔദ്യോഗിക അവധി ദിവസങ്ങൾ എന്നിവ ഒഴികെയുള്ള ദിവസങ്ങളിൽ, ഈ ഇളവിന്റെ അടിസ്ഥാനത്തിൽ പ്രവാസി റിസപ്ഷനിസ്റ്റുകൾക്ക് രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ജോലി ചെയ്യാവുന്നതാണ്.
ഇത്തരം അനുമതി പത്രങ്ങൾക്ക് അപേക്ഷിക്കുന്നതിനായി, ഹെറിറ്റേജ് ആൻഡ് ടൂറിസം മേഖലകൾക്കായുള്ള ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറെ അഭിസംബോധന ചെയ്തുകൊണ്ട് ഹോട്ടലുകൾ ഒരു കത്ത് സമർപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം ഹോട്ടലുകൾ തങ്ങളുടെ വാണിജ്യ രജിസ്‌ട്രേഷൻ രേഖ, നാമനിർദ്ദേശം ചെയ്യപ്പെട്ട ജീവനക്കാരുടെ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ, ബന്ധപ്പെടാനുള്ള ഒരു നമ്പർ എന്നിവയും നൽകേണ്ടതാണ്.

