ഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു ഷാർജയിലെ വാണിജ്യ കേന്ദ്രങ്ങൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഷാർജയിലെ വാണിജ്യ മേഖലയിൽ COVID-19 പശ്ചാത്തലത്തിൽ നിലവിലിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും, COVID-19 വ്യാപനം തടയുന്നതിനുമായി കർശന ഉപാധികളോടെയാണ് ഈ വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹ അകലം ഉറപ്പാക്കുക, ബോധവത്കരണ അടയാളങ്ങൾ സ്ഥാപിക്കുക, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ വാണിജ്യ കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ 30 ശതമാനം മാത്രം ഉപഭോക്താക്കളെ അനുവദിക്കുക മുതലായ സുരക്ഷാ നിർദ്ദേശങ്ങളാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.