ദുബായിൽ COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് സർവീസുകൾ പുനരാരംഭിക്കുക.
ഇതിന്റെ ഭാഗമായി ട്രാമുകളിലും, ജലഗതാഗത സംവിധാനങ്ങളിലും, ഇവയുടെ സ്റ്റേഷൻ പരിസരങ്ങളിലും സമൂഹ അകലം പാലിക്കുന്നതുൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് RTA അറിയിച്ചു. യാത്രികർക്ക് മാസ്ക് നിർബന്ധമാണെന്നും RTA വ്യക്തമാക്കി.
ട്രാം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവർ സ്റ്റേഷനുകളിൽ 30 മിനിറ്റെങ്കിലും മുൻപേ എത്തിച്ചേരാൻ ശ്രമിക്കുന്നത് തിരക്കൊഴിവാക്കാൻ സഹായകമാകും. ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ 7 മുതൽ രാത്രി 11 വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 10 മുതൽ രാത്രി 11 വരെയുമാണ് ട്രാം സർവീസുകൾ പ്രവർത്തിക്കുക.
ദുബായ് വാട്ടർ കനാൽ സർവീസ്, അൽ ഗുബൈബ സ്റ്റേഷനിൽ നിന്നും ഷാർജാ അക്വാറിയം സ്റ്റേഷനിലേക്കുള്ള സർവീസ്, വിനോദത്തിനുള്ള ജലയാത്രാ നൗകകൾ എന്നിവ ഒഴികെയുള്ള ജലഗതാഗത സംവിധാനങ്ങളാണ് ബുധനാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കുന്നത്. രാവിലെ 8.30 മുതൽ രാത്രി 9 വരെയാണ് സർവീസുകൾ.