സൗദി അറേബ്യ: സമ്പൂർണ്ണ കർഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങൾ മറികടന്നാൽ കടുത്ത ശിക്ഷാ നടപടികൾ

GCC News

COVID-19 വ്യാപനം തടയുന്നതിനായി, ഈദ് അവധിയിൽ സൗദിയിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന സമ്പൂർണ്ണ കർഫ്യു, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിമുതൽ ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ കർഫ്യു നിയന്ത്രണങ്ങൾ ആരംഭിച്ചതായും മെയ് 27, ബുധനാഴ്ച്ച വരെ ഇത് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ശല്‍ഹൂബ് അറിയിച്ചു. രാജ്യവ്യാപകമായാണ് ഈ സമ്പൂർണ്ണ കർഫ്യു സൗദിയിൽ നടപ്പിലാക്കുന്നത്.

പൊതുജനങ്ങളോട് കർഫ്യു നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും, സമൂഹ അകലം ഉറപ്പാക്കാനും, ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സൗദിയിലുടനീളം പൊതുഇടങ്ങളിലും, താമസസ്ഥലങ്ങളിലും കർഫ്യു നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ സുരക്ഷാ വിഭാഗം ആരംഭിച്ചതായി കേണൽ തലാൽ വ്യക്തമാക്കി. കർഫ്യു നിർദ്ദേശങ്ങളിൽ ഒരുതരത്തിലുള്ള വീഴ്ച്ചകളും അനുവദിക്കില്ലെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

സുരക്ഷയുടെ ഭാഗമായി എല്ലായിടങ്ങളിലും പെട്രോളിങ്ങ് ഉണ്ടാകുമെന്നും, കർഫ്യു പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടായിരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തിര സ്വഭാവമുള്ള ജോലികൾ ചെയ്യുന്നവർക്ക് കർഫ്യു വേളകളിലും ജോലിസംബന്ധമായി യാത്രചെയ്യാൻ പെർമിറ്റുകൾ അനുവദിച്ചിട്ടുണ്ട്. കർഫ്യു നിയന്ത്രണങ്ങൾ വകവെക്കാതെ പുറത്തിറങ്ങുന്നവർക്ക് 10000 സൗദി റിയാൽ പിഴ ചുമത്തുന്നതാണ്. നിയമം ലംഘിച്ച്കൊണ്ട് 5 പേരോ അതിൽ കൂടുതൽ പേരോ ഒത്തുകൂടുന്നത് പിടിക്കപ്പെട്ടാൽ ഓരോരുത്തർക്കും 5000 റിയാൽ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പൂർണ്ണ കർഫ്യു വേളകളിൽ, രാവിലെ 6 മുതൽ രാത്രി 10 വരെ സ്വന്തം ഡെലിവറി സംവിധാനങ്ങൾ ഉള്ള ഹോട്ടലുകൾക്ക് പാർസൽ സേവനങ്ങൾ നൽകുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ മാത്രമായിരിക്കും ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് യാത്രാനുമതി നൽകുക എന്നും അധികൃതർ അറിയിച്ചു. പെട്രോൾ സ്റ്റേഷൻ, ഫാർമസി, ഹോസ്പിറ്റൽ, ഭക്ഷ്യവിഭവങ്ങളുടെ കേന്ദ്രങ്ങൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവ ഉപാധികളോടെ പ്രവർത്തിക്കും. ജനങ്ങൾക്ക് അത്യാവശ്യ സാധങ്ങൾ വാങ്ങുന്നതിനായി ആഴ്ച്ചയിൽ 4 മണിക്കൂർ സമയം അനുവദിക്കുന്നതാണ്. ഇതിനായി ഓൺലൈൻ ആപ്പ് വഴി പെർമിറ്റ് എടുത്ത ശേഷമായിരിക്കും പുറത്തു പോകാൻ അനുമതി ഉണ്ടായിരിക്കുക.

അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 999 നമ്പറിലൂടെ (മക്കയിൽ 911) അധികൃതരെ ബന്ധപ്പെടാവുന്നതാണ്. നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കുന്നതിനായും ഈ സംവിധാനം പൊതുജനങ്ങൾക്ക് ഉപയോഗിക്കാം.