ഹോട്ടൽ രുചിയിൽ ഒരു മുട്ടക്കറി

Egg Dish Non Vegetarian Ruchikoott

ഇന്ന് രുചിക്കൂട്ടിലൂടെ നാടൻ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയോടു കൂടിയ ഒരു മുട്ടക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് വെള്ളയപ്പത്തിന് കൂടെ കൂട്ടി കഴിക്കാവുന്ന ഒരു നല്ല കറിയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

ഈ കറിക്ക് ആവശ്യമായ ചേരുവകൾ

കോഴിമുട്ട – 3 (പുഴുങ്ങി എടുത്തത്)
സവാള – 2 (വലുത്)
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – 3
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ (സാധാരണ മുളകുപൊടി ആണെങ്കിൽ 1/2 ടീസ്പൂൺ)
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – അര ഗ്ലാസ്
പഞ്ചസാര – 1/4 ടീസ്പൂൺ
വിനാഗിരി -1/4 ടീസ്പൂൺ

ഇനി ഹോട്ടൽ രുചിയിൽ ഈ മുട്ടക്കറി എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം.

  • അടുപ്പിൽ ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് സവാള വഴറ്റി എടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.
  • വെളിച്ചെണ്ണ ചൂടായി വരുമ്പോൾ, അതിലേക്ക് കനം കുറച്ച് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റിയെടുക്കുക. കറിക്ക് ആവശ്യമായ ഉപ്പ് കൂടി ഈ സമയത്ത് ചേർത്ത് വഴറ്റി കൊടുത്താൽ സവാളയിലെ ഈർപ്പം പെട്ടെന്ന് പോയി വഴന്നു കിട്ടുന്നതാണ്.
  • സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, പച്ചമുളക് അരിഞ്ഞതും ചേർക്കുക.
  • ഇതൊന്നു വാടി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക.
  • അത് കുറച്ച് ഒന്ന് ചൂടായി വരുമ്പോൾ മുളകുപൊടിയും, ഗരം മസാല പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.
  • സവാളയും മസാലയും എല്ലാം നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് പഞ്ചസാരയും, കാൽ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക…( ചെറിയ ഒരു മധുരിപു ഉള്ളതാണ് ഈ കറിയുടെ രുചി. സവാളയ്ക്ക് ഒരു മധുരം ഉണ്ടാകും, രുചിച്ചു നോക്കിയിട്ട് ആവശ്യത്തിന് പഞ്ചസാര ഇട്ടു കൊടുക്കുക)
  • സവാളയും മസാലയും എല്ലാം നന്നായി കുഴഞ്ഞ് വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന വെള്ളവും ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കുക( മീഡിയം തീയിലിട്ട് പാചകം ചെയ്യാൻ ശ്രദ്ധിക്കുക മസാല കരിഞ്ഞു പോയാൽ കറിക്ക് കയ്പ്പുരസം വരും)
  • തിള വരുമ്പോൾ അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർത്ത് മുകളിൽ കറിവേപ്പിലയും വിതറി തീ കുറച്ച് മൂടിവെച്ച് 2 മിനിറ്റ് വേവിക്കുക.
  • ഇത് അധികം ലൂസ് ആകാതെ ഗ്രേവി ആയിട്ടുള്ള കറിയാണ്. രണ്ടു മിനിറ്റ് ശേഷം തുറന്നു നോക്കുമ്പോൾ നല്ല ഒരു മുട്ട മസാല കറി റെഡി ആയിട്ടുണ്ടാവും.

തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി.

2 thoughts on “ഹോട്ടൽ രുചിയിൽ ഒരു മുട്ടക്കറി

Leave a Reply

Your email address will not be published. Required fields are marked *