ഒമാൻ: മത്ര കേബിൾ കാർ പ്രവർത്തനം ആരംഭിച്ചു

GCC News

മത്ര കേബിൾ കാർ 2026 നവംബർ 8-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. മസ്‌കറ്റ് തീരപ്രദേശത്തിന്റെ മനോഹരമായ കാഴ്ചകൾ വ്യത്യസ്തമായ രീതിയിൽ ആസ്വദിക്കുന്നതിന് മത്ര കേബിൾ കാർ അവസരമൊരുക്കുന്നു.

ചരിത്രപ്രസിദ്ധമായ മത്ര തീരപ്രദേശം, പോർട്ട് സുൽത്താൻ ഖാബൂസ്, പരിസര പ്രദേശങ്ങൾ എന്നിവയുടെ വിശാലമായ കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിക്കുന്ന മത്ര കേബിൾ കാർ മത്ര സൂഖിലും തീരപ്രദേശത്തും വാണിജ്യ പ്രവർത്തനങ്ങൾ സജീവമാക്കാൻ സഹായകമാകുന്നതാണ്.

ടിക്കറ്റ് നിരക്കുകൾ:

  • 2 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് – 4.200 ഒമാനി റിയാൽ*.
  • മുതിർന്ന വിനോദസഞ്ചാരികൾക്ക് – 10.800 ഒമാനി റിയാൽ,
  • വിനോദസഞ്ചാരികളായ 2 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് – 5.040 ഒമാനി റിയാൽ.
  • 12 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് മുതിർന്നവരുടെ നിരക്കാണ് ബാധകമാകുക.
  • 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
  • VIP ക്യാബിനുകളിൽ മുതിർന്നവർക്കും 2 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്കും ഒരാൾക്ക് 30 ഒമാനി റിയാൽ വീതമാണ് നിരക്ക്. ഈ വിഭാഗത്തിലും 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം.

*ഈ നിരക്കുകൾ ലഭിക്കുന്നതിന് സന്ദർശകർ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതുണ്ട്.

ടിക്കറ്റുകൾ ഈ പദ്ധതിയുടെ മൊബൈൽ ആപ്പിലൂടെയും, കേബിൾ കാർ സ്റ്റേഷനുകളിലെ ടിക്കറ്റ് കിയോസ്കുകളിലൂടെയും ലഭ്യമാണ്.

ഈ പദ്ധതിയുടെ സോഫ്റ്റ് ഓപ്പണിംഗ് ഘട്ടത്തിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെയും (ടിക്കറ്റ് വിൽപ്പനയും ബോർഡിംഗും വൈകുന്നേരം 7 മണിക്ക് അവസാനിക്കും), വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയും (ടിക്കറ്റ് വിൽപ്പനയും ബോർഡിംഗും രാത്രി 9 മണിക്ക് അവസാനിക്കും) സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

മൂന്ന് സ്റ്റേഷനുകളുള്ള മത്ര കേബിൾ കാർ പദ്ധതിയിൽ 2 VIP ക്യാബിനുകൾ ഉൾപ്പടെ ആകെ 18 ക്യാബിനുകൾ ഉണ്ടായിരിക്കുന്നതാണ്. ഓരോ ക്യാബിനിലും 10 യാത്രികർക്ക് വീതം സഞ്ചരിക്കാവുന്നതാണ്. മണിക്കൂറിൽ 800 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട് ഈ പദ്ധതിക്ക്.

മത്ര ഫിഷ് മാർക്കറ്റിനും മത്ര വാട്ടർഫ്രണ്ട് പ്രോജക്റ്റിനും ഇടയിലുള്ള പോർട്ട് സ്റ്റേഷനിൽ നിന്നാണ് ഈ കേബിൾ കാർ റൂട്ട് ആരംഭിക്കുന്നത്. മത്ര സൂഖിനും ക്രൂയിസ് ഷിപ്പ് ടെർമിനലിനും സമീപം സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ സന്ദർശകർക്കും ക്രൂയിസ് കപ്പൽ യാത്രക്കാർക്കും വേണ്ടിയുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നതാണ്.

പോർട്ട് സ്റ്റേഷനിൽ നിന്ന് മത്ര കോട്ടയ്ക്കും അൽ റിയാം പാർക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സമ്മിറ്റ് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ കേബിൾ കാർ റൂട്ട് ഒരുക്കിയിരിക്കുന്നത്. തുടർന്ന് മസ്‌കറ്റ് ഗേറ്റിന് സമീപമുള്ള അൽ റിയാം പാർക്കിനുള്ളിലെ ഹേ അൽ വാർഡ് സ്റ്റേഷനിൽ ഈ കേബിൾ കാർ റൂട്ട് അവസാനിക്കുന്നു.