മെയ് 27, ബുധനാഴ്ച്ച മുതൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. മെട്രോ, ട്രാം, ജലഗതാഗതം, ബസ്, ടാക്സി മുതലായ പൊതുഗതാഗത സംവിധാനങ്ങളുടെയും, RTA കസ്റ്റമർ സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനസമയങ്ങളിലാണ് ഈ തീരുമാനപ്രകാരം മാറ്റങ്ങൾ ഉണ്ടായിരിക്കുക.
ദുബായിൽ രാവിലെ 6 മുതൽ രാത്രി 11 വരെ സഞ്ചാരം അനുവദിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ തീരുമാനത്തിനു അനുസൃതമായാണ് പൊതുഗതാഗത സമയങ്ങൾ ക്രമീകരിക്കാൻ തീരുമാനിച്ചതെന്ന് RTA വ്യക്തമാക്കി. COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുക.
ഈ അറിയിപ്പ് പ്രകാരം, ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7 മുതൽ രാത്രി 12 വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയുമായിരിക്കും ദുബായ് മെട്രോ പ്രവർത്തിക്കുക. മെട്രോയുടെ റെഡ്, ഗ്രീൻ എന്നീ രണ്ട് ലൈനുകളിലും ഇതേ സമയക്രമത്തിലായിരിക്കും മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
റെഡ് ലൈനിൽ റാഷിദിയ സ്റ്റേഷനിൽ നിന്ന് യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് അവസാന സർവീസ് രാത്രി 10:54-നും, യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷനിൽ നിന്ന് റാഷിദിയ സ്റ്റേഷനിലേക്കുള്ള അവസാന മെട്രോ സർവീസ് രാത്രി 10:53-നും ആയിരിക്കും. ഗ്രീൻ ലൈനിൽ ക്രീക്ക് സ്റ്റേഷനിൽ നിന്ന് എത്തിസലാത് സ്റ്റേഷനിലേക്ക് അവസാന സർവീസ് 11:21-നും, എത്തിസലാത് സ്റ്റേഷനിൽ നിന്ന് ക്രീക്ക് സ്റ്റേഷനിലേക്ക് അവസാന സർവീസ് 11:20-നും ആയിരിക്കും.
ദുബായ് ട്രാം ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7 മുതൽ രാത്രി 12 വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയുമായിരിക്കും പ്രവർത്തിക്കുക. 8 മിനിറ്റ് ഇടവേളകളിൽ 11 സ്റ്റേഷനുകളിലേക്കായി 6 ട്രാം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
ബസ് സർവീസുകൾ രാവിലെ 6 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഇന്റർ സിറ്റി ബസുകൾ പ്രവർത്തിക്കുന്നതല്ല. ദുബായ് വാട്ടർ കനാൽ, അൽ ഗുബൈബ – ഷാർജ അക്വാറിയം സർവീസ്, വിനോദ സഞ്ചാരികൾക്കുള്ള സർവീസുകൾ എന്നിവ ഒഴികെയുള്ള ജലഗതാഗത സംവിധാനങ്ങൾ രാവിലെ 7 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും RTA വ്യക്തമാക്കി. ടാക്സികൾ രാവിലെ 6 മുതൽ രാത്രി 12 വരെ സർവീസുകൾ നടത്തും. അണുനശീകരണ നിയന്ത്രണങ്ങളുടെ സമയങ്ങളിൽ ആപ്പ് വഴിയും ടാക്‌സികൾ ലഭ്യമാകുന്നതാണ്. കസ്റ്റമർ സേവന കേന്ദ്രങ്ങൾ രാവിലെ 8 മുതൽ വൈകീട്ട് 4 വരെ പ്രവർത്തിക്കുന്നതാണ്.