ഷാർജ: ജൂൺ 24 മുതൽ വാണിജ്യ, ടൂറിസം മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

UAE

ജൂൺ 24, ബുധനാഴ്ച്ച മുതൽ ഷാർജയിൽ വാണിജ്യ മേഖലയിലെയും, ടൂറിസം മേഖലയിലെയും കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സിനിമാ ശാലകൾ, ഹോട്ടലുകളുടെ കീഴിലുള്ള സ്വകാര്യ ബീച്ചുകൾ, പാർക്കുകൾ, നീന്തൽക്കുളങ്ങൾ മുതലായവ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

ഷാർജയിലെ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് ടീമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊണ്ടിട്ടുള്ളത്. എമിറേറ്റിലെ വാണിജ്യ മേഖലയിലും, വിനോദസഞ്ചാര മേഖലയിലും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ളതാണ് അധികൃതരുടെ ഈ തീരുമാനം. ഷാർജയിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെയും, വിവിധ മേഖലകളിൽ പ്രവർത്തനമാരംഭിക്കുന്നതിന്റെയും രണ്ടാം ഘട്ടമാണ് ജൂൺ 24 മുതൽ നടപ്പിലാക്കുന്നത്.

ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കുന്ന മേഖലകളിൽ കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. പരമാവധി ശേഷിയുടെ 50% ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന രീതിയിലായിരിക്കും ഈ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.