ദുബായ്: കാൽനടയാത്രികരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾ 2007-2019 കാലയളവിൽ 76% കുറഞ്ഞു

UAE

ദുബായിലെ റോഡ് സുരക്ഷയുടെ കാര്യത്തിലും, കാൽനടയാത്രികരുടെ സുരക്ഷയിൽ പ്രത്യേകിച്ചും വലിയ നേട്ടങ്ങൾ കൈവരിക്കാനായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയെർ അവകാശപ്പെട്ടു. തിരക്കേറിയ ഇടങ്ങളിൽ നടപ്പാലങ്ങൾ നിർമ്മിക്കാനുള്ള RTA-യുടെ തീരുമാനം, 2007 മുതൽ 2019 വരെയുള്ള കാലയളവിൽ, കാൽനടയാത്രികരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾ 76.5 ശതമാനം കുറച്ചതായി അദ്ദേഹം വ്യക്തമാക്കി.

2007-ൽ ദുബായിലെ ജനസംഖ്യയിലെ ഓരോ ലക്ഷത്തിലും 9.5 കേസുകൾ എന്ന നിലയിലുണ്ടായിരുന്ന (ആകെ 145 കേസുകൾ) കാൽനടയാത്രികരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾ, 2019-തോടെ ഓരോ ലക്ഷത്തിലും 0.59 കേസുകൾ (ആകെ 34 കേസുകൾ) എന്ന നിലയിയിലേക്ക് നിയന്ത്രിക്കാൻ RTA-യ്ക്ക് കഴിഞ്ഞു.

2006-ൽ കേവലം 13 നടപ്പാലങ്ങൾ എന്നതിൽ നിന്ന്, 2020-തോടെ 116 നടപ്പാലങ്ങൾ എന്ന നിലയിലേക്കുള്ള വർദ്ധനവ് കാൽനടയാത്രികർക്ക് സംഭവിക്കുന്ന അപകടങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിച്ചതായി അൽ തയെർ വ്യക്തമാക്കി. 2021-2026 കാലയളവിൽ 34 പുതിയ നടപ്പാലങ്ങൾ കൂടി പൂർത്തിയാക്കുന്നതോടെ അപകടനിരക്ക് കൂടുതൽ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിലുടനീളം കാൽനടയാത്രികർക്ക് സംഭവിക്കുന്ന അപകടങ്ങളുടെ നിരക്ക് ഓരോ വർഷവും കുറഞ്ഞുവരുന്നതായും അൽ തയെർ അറിയിച്ചു. ദുബായിലെ എല്ലാ നിവാസികളോടും, റോഡുകൾ മുറിഞ്ഞുകടക്കുന്നതിനായി നടപ്പാലങ്ങളും, സബ്‌വേകളും ഉപയോഗിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കാൽനട യാത്രികരുള്ള ഇടങ്ങളിൽ, വാഹനങ്ങളുടെ വേഗത കുറക്കുന്നതിനും, പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും ഡ്രൈവർമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.