ടാക്സി ഡ്രൈവർമാരുടെ റോഡുകളിലെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു. വാഹനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ ഡ്രൈവർമാർ പ്രകടമാക്കുന്ന തൊഴില്‍പരമായ ദൗര്‍ബല്യങ്ങൾ കണ്ടെത്തുന്നതിനായാണ് RTA ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.
“ടാക്സി ഡ്രൈവർമാരുടെ പെരുമാറ്റ രീതികൾ നിരീക്ഷിക്കുന്നതിനായി, അക്കാകസ് ടെക്നോളജീസ് എന്ന സ്ഥാപനവുമായി ചേർന്നാണ് RTA നിർമ്മിത ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സംവിധാനം നടപ്പിലാക്കുന്നത്. ദുബായ് ടാക്സികളിലെ സ്മാർട്ട് കാമറ സംവിധാനങ്ങൾ ഒരുക്കിയ സ്ഥാപനമാണിത്. യാത്രികരുടെയും, ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി RTA നിഷ്കർഷിക്കുന്ന നിയമങ്ങൾ, വ്യവസ്ഥകൾ എന്നിവ അനുസരിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്രദമാകും.”, RTA ഡയറക്ടർ ഖാലെദ് അൽ-അവാദി വ്യക്തമാക്കി.
“യാത്രികരുടെ പരാതികൾ പരിശോധിക്കുന്നതിനായി RTA ടാക്സികളിൽ നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്ക് പുറമെയാണ് ഈ സംവിധാനം. ഡ്രൈവറുടെ റോഡിലെ പെരുമാറ്റരീതികൾ പരപ്രേരണ കൂടാതെ ഉടനടി കണ്ടെത്തി RTA-യെ അറിയിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഡ്രൈവറുടെ റോഡിലെ പെരുമാറ്റം, കൃത്യനിർവഹണം എന്നിവ തുടർച്ചയായി ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നതിന് സാധ്യമാണ്. അമിത വേഗത, മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ നിർത്തുന്ന രീതി, ബ്രേക്കുകളുടെ അനാവശ്യമായ ഉപയോഗം മുതലായവ കണ്ടെത്തി ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിനും, ആവശ്യമെങ്കിൽ ഇവ തിരുത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നത് സംബന്ധിച്ച് തീരുമാനിക്കാനും RTA-യ്ക്ക് ഈ സംവിധാനത്തിലൂടെ എളുപ്പത്തിൽ സാധിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
“ഡ്രൈവറെ ഈ വിധത്തിലുള്ള പെരുമാറ്റങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങൾ കണ്ടെത്തുന്നതിനും നിർമ്മിത ബുദ്ധിയുടെ ഉപയോഗം RTA-യ്ക്ക് സഹായം നൽകുന്നുണ്ട്. “, അൽ-അവാദി വ്യക്തമാക്കി.
കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനങ്ങൾ RTA തങ്ങളുടെ വാഹനങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്നു. ടാക്സി യാത്രികർ, ഡ്രൈവർമാർ മുതലായവർ മാസ്കുകൾ ഉപയോഗിക്കുന്നതിലും, സമൂഹ അകലം പാലിക്കുന്നതിലും വരുത്തുന്ന വീഴ്ചകൾ സ്വയം കണ്ടെത്തി അധികൃതരെ അറിയിക്കുന്ന സംവിധാനമാണ് RTA നടപ്പിലാക്കിയിരുന്നത്.