എമിറേറ്റിലെ മുഴുവൻ പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾക്ക് അർഹതയുള്ളവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി, അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്ത് എന്നിവരുമായി ചേർന്നാണ് ADPHC ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.
COVID-19 വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ADPHC ചൂണ്ടിക്കാട്ടി. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയ ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർക്ക് അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നഷ്ടമാകുമെന്നും ADPHC വ്യക്തമാക്കിയിട്ടുണ്ട്.
എമിറേറ്റിൽ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനർഹരായവർ, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണ്. നിലവിൽ COVID-19 രോഗബാധയുള്ളവർ, വാക്സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർ, ഗർഭിണികൾ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിച്ചവർ എന്നീ വിഭാഗങ്ങൾക്ക് ഈ തീരുമാനം ബാധകമല്ല.
ബൂസ്റ്റർ ഡോസ് ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://www.adphc.gov.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്.