അബുദാബി: സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ തുറന്നു

UAE

സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ (13L/31R) നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രഖ്യാപിച്ചതിലും നേരത്തെയാണ് ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ ഈ റൺവേ അറൈവൽ, ഡിപ്പാർച്ചർ പ്രവർത്തനങ്ങൾക്കായി പൂർണ്ണ സജ്ജമായതായി അബുദാബി എയർപോർട്ട്സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നവീകരണത്തിന്റെ ഭാഗമായി റൺവെ കൂടുതൽ ബലപ്പെടുത്തുകയും, റീടാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഗ്രൗണ്ട് വിസിബിലിറ്റി മോണിറ്ററിങ് സംവിധാനം, അതിനൂതനമായ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഇവിടെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഇവിടെ ഉണ്ടായിരുന്ന 1200-ൽ പരം ഹാലജൻ ലൈറ്റുകൾക്ക് പകരം എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.