ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം 2024 ജൂൺ 1 മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം ഉൽപ്പന്നങ്ങൾക്ക് 2024 ജൂൺ 1 മുതൽ നിരോധനം ഏർപ്പെടുത്തുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അബുദാബിയിൽ 2020-ൽ പ്രബല്യത്തിൽ വന്ന സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
വികസിപ്പിച്ച പോളിസ്റ്റൈറൈൻ എന്നറിയപ്പെടുന്ന ഒരു തരം പ്ലാസ്റ്റിക്കാണ് സ്റ്റൈറോഫോം. ഇതിന് നിരവധി ഉപയോഗങ്ങളുണ്ട്. നിരോധനത്തിൻ്റെ ഭാഗമായി ഒഴിവാക്കാവുന്ന, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളാണ് അബുദാബി ലക്ഷ്യമിടുന്നത്.
പോളിസ്റ്റൈറൈൻ ഉപയോഗിച്ച് നിർമ്മിച്ച കപ്പുകൾ, മൂടികൾ, പ്ലേറ്റുകൾ, പാനീയ പാത്രങ്ങൾ (തൊപ്പികളും മൂടികളും ഉൾപ്പെടെ) എന്നിവ ജൂൺ 1 മുതൽ നിരോധിക്കുന്ന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഉടനടി ഉപയോഗിക്കുന്നതിനുള്ള ഭക്ഷണങ്ങൾ പാക്ക് ചെയ്യുന്ന സ്റ്റൈറോഫോം പാത്രങ്ങൾ (ഡൈൻ-ഇൻ, ടേക്ക്-എവേ എന്നിവയ്ക്ക് ബാധകം), കൂടുതൽ തയ്യാറാക്കൽ ആവശ്യമില്ലാത്ത, ഉപഭോഗത്തിന് തയ്യാറായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകുന്ന കണ്ടെയ്നറുകൾ എന്നിവയും നിരോധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നതാണ്
വലിയ സ്റ്റോറേജ് ബോക്സുകൾ, കൂളറുകൾ, മാംസം, പഴങ്ങൾ, റെഡിമെയ്ഡ് പാലുൽപ്പന്നങ്ങൾ, ചില്ലറ വിൽപ്പനയ്ക്കുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ട്രേകൾ തുടങ്ങിയ സ്റ്റൈറോഫോം ഉൽപ്പന്നങ്ങളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത എല്ലാ സ്റ്റൈറോഫോം ഉൽപ്പന്നങ്ങളും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
“ഏതാനം സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിനായി പൊതുസമൂഹത്തിൽ നിന്നുള്ള പൂർണ്ണ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു.”, EAD സെക്രട്ടറി ജനറൽ H.E. ഡോ. ഷൈഖ സലേം അൽ ദാഹിരി വ്യക്തമാക്കി.
പരിസ്ഥിതിയിലെ മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സുസ്ഥിര ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നടപടി. ഭക്ഷ്യശൃംഖലയിലേക്ക് ഹാനികാരകമായ മൈക്രോപ്ലാസ്റ്റിക്കുകളുടെ കടന്ന് കയറ്റം കുറയ്ക്കുന്നതിന് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഈ നിരോധനം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ അബുദാബിയിലുടനീളമുള്ള വിൽപന കേന്ദ്രങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും EAD ഫീൽഡ് ഇൻസ്പെക്ഷൻ കാമ്പെയ്‌നുകൾ നടത്തുന്നതാണ്.
Cover Image: Abu Dhabi Media Office.