എമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി. സെപ്റ്റംബർ 18, വെള്ളിയാഴ്ച്ചയാണ് DCT ഇതുസംബന്ധിച്ച അറിയിപ്പ് അബുദാബി മീഡിയ ഓഫീസിലൂടെ പങ്ക് വെച്ചത്.
അബുദാബിയിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി എന്നീ ആകർഷണങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾ, ഇത്തരം കേന്ദ്രങ്ങളിലെ നടത്തിപ്പുകാർ, ജീവനക്കാർ എന്നിവർ ഈ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് DCT അറിയിപ്പിലൂടെ വ്യക്തമാക്കി.
അബുദാബിയിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി എന്നിവയ്ക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:
- ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി തെർമൽ ക്യാമറകളോ, ഇൻഫ്രാറെഡ് തെർമോമീറ്ററുകളോ ഏർപ്പെടുത്തേണ്ടതാണ്.
- 37.3 ഡിഗ്രിയിലധികം ശരീരോഷ്മാവ് പ്രകടമാക്കുന്ന അതിഥികളെ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യേണ്ടതാണ്. തുടർ പരിശോധനാ നടപടികൾ കൈക്കൊള്ളേണ്ടതാണ്.
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന അതിഥികൾ, ജീവനക്കാർ എന്നിവരുടെ വിവരങ്ങൾ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിനു കീഴിലുള്ള ‘Estijaba’ സേവന സംവിധാനത്തിൽ അറിയിക്കേണ്ടതാണ്.
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് (അതിഥികൾ, നടത്തിപ്പുകാർ, ജീവനക്കാർ) പ്രവേശനം അനുവദിക്കരുത്.
- ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നതിനു മുൻപായി മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തേണ്ടതാണ്. തുടർന്ന് ഓരോ രണ്ടാഴ്ച്ച തോറും ഈ പരിശോധനകൾ തുടരേണ്ടതാണ്.
- ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപും, കൃത്യമായ ഇടവേളകളിലും ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
- ഇത്തരം കേന്ദ്രങ്ങൾ, അവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും അണുവിമുക്തമാക്കേണ്ടതാണ്.
- അതിഥികളും മറ്റും തുടർച്ചയായി സ്പർശിക്കാൻ ഇടയാകുന്ന പ്രതലങ്ങൾ തുടർച്ചയായി അണുവിമുക്തമാക്കേണ്ടതാണ്.
- സഫാരിക്കായും, മറ്റു വിനോദ പരിപാടികൾക്കായും ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
- ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന മുഴുവൻ പേർക്കും കൈകൾ ശുചിയാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.
- ഇത്തരം കേന്ദ്രങ്ങളിലുടനീളം, വാഹനങ്ങളിലുൾപ്പടെ, സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
- പണമിടപാടുകൾക്ക് ഉപയോഗിക്കുന്ന മെഷീനുകൾ അണുവിമുക്തമാക്കേണ്ടതാണ്.
- അതിഥികളുടെ ഇടയിൽ സമൂഹ അകലം ഉറപ്പാക്കുന്നതിനായി, ഇവ ഓർമ്മപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള അറിയിപ്പുകളും, അടയാളങ്ങളും ഒരുക്കേണ്ടതാണ്.