32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന് നാളെ തുടക്കമാകും

UAE

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22, തിങ്കളാഴ്ച മുതൽ ആരംഭിക്കും. തുർക്കിയാണ് ഇത്തവണത്തെ അബുദാബി പുസ്തകമേളയിലെ പ്രധാന അതിഥി.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്. 2023 മെയ് 22 മുതൽ മെയ് 28 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ തുർക്കിയുടെ പ്രത്യേക പവലിയൻ ഉണ്ടായിരിക്കും. ഈ പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ, പുസ്തകപ്രസാധകർ മുതലായവർ പങ്കെടുക്കുന്നതാണ്.

സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പുസ്തക പ്രസാധന മേഖലയിൽ നടപ്പിലാക്കുന്ന സുസ്ഥിര നയങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുന്നതിനുള്ള സെമിനാറുകൾ, പരിപാടികൾ എന്നിവ ഈ പുസ്തകമേളയിൽ അരങ്ങേറും.

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിനോട് അനുബന്ധിച്ച് ലോഗോസ് ഹോപ്പ് എന്ന കപ്പലിൽ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ 2023 മെയ് 18-ന് ഉദ്ഘാടനം ചെയ്തിരുന്നു.

Cover Image: WAM.