അബുദാബി: അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

എമിറേറ്റിലെ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങളും, ചപ്പുചവറുകളും വലിച്ചെറിയുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് DMT വ്യക്തമാക്കിയിട്ടുണ്ട്.

അബുദാബിയിലെ പൊതുഇടങ്ങളുടെ സൗന്ദര്യം, പ്രസന്നത, ആരോഗ്യസുരക്ഷ എന്നിവ നിലനിർത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു മുന്നറിയിപ്പ്.

ഇതുമായി ബന്ധപ്പെട്ട ‘2012/ 2’ എന്ന നിയമം അടിസ്ഥാനമാക്കിയുള്ള 2024-ലെ 220-ആം നമ്പർ ഔദ്യോഗിക തീരുമാന പ്രകാരം അബുദാബിയിൽ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് നാലായിരം ദിർഹം വരെ പിഴ ചുമത്തപ്പെടാവുന്നതാണ്.

മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന രീതിയിലാണ് പിഴ ചുമത്തുന്നത്:

  • സിഗരറ്റ് കുറ്റികൾ അവ നിക്ഷേപിക്കുന്നതിനുള്ള ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. ഈ പ്രവർത്തി ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 1000 ദിർഹവും, തുടർന്ന് ഓരോ തവണയും 2000 ദിർഹം വീതവും പിഴ ചുമത്തുന്നതാണ്.
  • ഭക്ഷണപാനീയങ്ങളുടെ പൊതികൾ ഉൾപ്പടെയുള്ള സ്വകാര്യ മാലിന്യങ്ങൾ അവ നിക്ഷേപിക്കുന്നതിനുള്ള ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. ഈ പ്രവർത്തി ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 1000 ദിർഹവും, തുടർന്ന് ഓരോ തവണയും 2000 ദിർഹം വീതവും പിഴ ചുമത്തുന്നതാണ്.
  • ചപ്പുചവറുകളും, മാലിന്യങ്ങളും അടങ്ങിയ ബാഗുകളും മറ്റും അവ നിക്ഷേപിക്കുന്നതിനുള്ള മേഖലകളിലല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും. ഈ പ്രവർത്തി ആവർത്തിക്കുന്നവർക്ക് ആദ്യ തവണ 2000 ദിർഹവും, തുടർന്ന് ഓരോ തവണയും 4000 ദിർഹം വീതവും പിഴ ചുമത്തുന്നതാണ്.