ഭൗമ മണിക്കൂർ യജ്ഞം: മാർച്ച് 25-ന് രാത്രി ഒരു മണിക്കൂർ ലൈറ്റ് അണച്ച് കൊണ്ട് പങ്ക് ചേരാൻ അബുദാബി ഊർജ്ജവകുപ്പ് ആഹ്വാനം ചെയ്തു

UAE

2023 മാർച്ച് 25-ന് രാത്രി 8:30 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണച്ച് കൊണ്ടും, വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും ഭൗമ മണിക്കൂർ യജ്ഞത്തിൽ പങ്കാളികളാകാൻ അബുദാബി ഊർജ്ജവകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2023 മാർച്ച് 24-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

നാം വസിക്കുന്ന ഭൂമിക്ക് വേണ്ടി നമ്മുടെ 60 മിനിറ്റുകൾ നൽകുന്നതിനും, ആ സമയം ഭൂമിയുടെ നന്മയ്ക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായാണ് ഭൗമ മണിക്കൂർ (എർത്ത് അവർ) ആചരിക്കുന്നത്. പ്രകൃതിയ്ക്ക് വേണ്ടി മുന്നോട്ട് വരുന്നതിനുള്ള ഈ അവസരം പാഴാക്കരുതെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എനർജി ചൂണ്ടിക്കാട്ടി.

2023-നെ യു എ ഇ സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലും, 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി വേദിയാകാനിരിക്കുന്ന പശ്ചാത്തലത്തിലും ഇത്തവണത്തെ ഭൗമ മണിക്കൂർ യജ്ഞത്തിന് ഏറെ പ്രാധാന്യമുണ്ട്.

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.