അബുദാബി: സിംഗിൾ-യൂസ് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള നയം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവുമായി EAD

featured GCC News

എമിറേറ്റിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, എൻജിഒകൾക്കുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസി മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് ഒരു പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 2022 ജൂൺ 20-നാണ് EAD ഈ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അതിലെ ജീവനക്കാർക്കും ഈ നയവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി ഈ നയം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രത്യേക ഗൈഡ് ഏജൻസി പുറത്തിറക്കിയിട്ടുണ്ട്.

അറബിയിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയിരിക്കുന്ന ഈ ഗൈഡ് അബുദാബി സർക്കാർ സ്ഥാപനങ്ങളെ സിംഗിൾ യൂസ് പ്ലാസ്റ്റിക്, നോൺ-പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് മുക്തമാക്കുന്നതിനും, ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും, പരിസ്ഥിതി ആഘാതം കുറഞ്ഞതും, ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബദൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

അബുദാബിയിൽ പ്രകൃതിയോടു ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഒറ്റത്തവണ-പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനും, ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കഴിയുന്നതും പൂർണ്ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് 2020-ൽ എൻവിറോണ്മെന്റ് ഏജൻസി പ്രഖ്യാപിച്ച പുരോഗമനാത്മകമായ ഭരണനയത്തിന്റെ ഭാഗമായാണ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഗൈഡിലെ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത് ആരംഭിക്കാൻ EAD സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എമിറേറ്റിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനും, സർക്കാർ അധികൃതർ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഇത്തരം ഉത്പന്നങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനും ഈ ഗൈഡ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പേപ്പർ ബാഗുകൾ, പ്ലാസ്റ്റിക്, മരം, മുള എന്നിവ കൊണ്ട് നിർമ്മിച്ച ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ എന്നിവയുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രീതിയിലുള്ള പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഈ ഗൈഡ് ആഹ്വാനം ചെയ്യുന്നു.

ഡിസ്പോസിബിൾ പ്ലാസ്റ്റിക്, പേപ്പർ സ്ട്രോകൾ, പ്ലാസ്റ്റിക്, കാർഡ്ബോർഡ് അല്ലെങ്കിൽ അലുമിനിയം ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് അല്ലെങ്കിൽ പേപ്പർ പാനീയങ്ങൾക്കുള്ള ഡിസ്പോസിബിൾ കപ്പുകൾ, മൂടികൾ, സിംഗിൾ യൂസ് പ്ലാസ്റ്റിക്, കാർഡ്ബോർഡ്, അലുമിനിയം പ്ലേറ്റുകൾ, ഡിസ്പോസിബിൾ ചോപ്സ്റ്റിക്കുകൾ, സിംഗിൾ യൂസ് പ്ലാസ്റ്റിക്, ഗ്ലാസ് അല്ലെങ്കിൽ കാർഡ്ബോർഡ് ബോട്ടിലുകൾ എന്നിവയും ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന വസ്തുക്കളിൽ ഉൾപ്പെടുന്നു. ഇത്തരം ഉത്പന്നങ്ങൾക്ക് പകരമായി വീണ്ടും, വീണ്ടും ഉപയോഗിക്കാവുന്ന രീതിയിൽ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച കട്ട്ലറി, കപ്പുകൾ, ഇടത്തരം വലിപ്പമുള്ള കുപ്പികൾ, ഗ്ലാസ് അല്ലെങ്കിൽ മെലാമൈൻ അല്ലെങ്കിൽ അതിന് തുല്യമായവാ കൊണ്ട് നിർമ്മിച്ച വലിയ മഗ്ഗുകൾ തുടങ്ങിയ ബദലുകളുടെ ഉദാഹരണങ്ങൾ ഈ ഗൈഡ് ചൂണ്ടിക്കാട്ടുന്നു.

ഈ നയം വിജയകരമായി നടപ്പിലാക്കുന്നത് ലക്ഷ്യമിട്ട് തങ്ങളുടെ ജീവനക്കാർക്കിടയിൽ പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കാൻ സർക്കാർ വകുപ്പുകളോട് ഈ ഗൈഡ് ആഹ്വാനം ചെയ്യുന്നു. വകുപ്പുകളിലെ ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളിലൂടെ ഇത് സംബന്ധിച്ച വിവരങ്ങളും, ബോധവൽക്കരണ സാമഗ്രികളും പ്രചരിപ്പിക്കുന്നതിലൂടെയും, ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി ജീവനക്കാർക്ക് വേണ്ടി പ്രത്യേക വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നതിലൂടെയും ഇത് കൈവരിക്കാനാകുമെന്ന് ഈ ഗൈഡ് നിർദ്ദേശിക്കുന്നു.

WAM