രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നൂതന EDE COVID-19 സ്കാനറുകൾ 2021 ജൂൺ 28 മുതൽ എമിറേറ്റിലെ കൂടുതൽ ഇടങ്ങളിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. COVID-19 രോഗബാധ കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറുകൾ ഫലപ്രദമാണെന്ന് കണ്ടതിനെ തുടർന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ഈ സംവിധാനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി, 2021 ജൂൺ 28, തിങ്കളാഴ്ച്ച മുതൽ അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകൾ, ഏതാനം റെസിഡൻഷ്യൽ ഏരിയകൾ, എമിറേറ്റിന്റെ എല്ലാ കര അതിർത്തികൾ, വിമാനത്താവളം എന്നീ ഇടങ്ങളിൽ ഈ EDE COVID-19 സ്കാനറുകൾ ഏർപ്പെടുത്തുന്നതാണ്. ഈ സ്കാനർ സംവിധാനത്തിലൂടെ നെഗറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അതെ സമയം ഒരു വ്യക്തിക്ക് COVID-19 രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ സ്കാനർ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇവർക്ക് പ്രവേശനം നിഷേധിക്കുന്നതാണ്. ഇവർ 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
കഴിഞ്ഞ രണ്ട് ആഴ്ച്ചകളിൽ ഈ സ്കാനറുകൾ എമിറേറ്റിലെ ഏതാനം ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ ഗൻതൂത്, യാസ് ഐലൻഡിലെ ഏതാനം പൊതു ഇടങ്ങൾ, മുസഫ മേഖലയിലേക്ക് പ്രവേശനം നൽകുന്ന നിശ്ചിത ഇടങ്ങൾ മുതലായ മേഖലകളിൽ ഈ സ്കാനറിന്റെ പരീക്ഷണം വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനത്തിന്റെ ഉപയോഗം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം.
പരീക്ഷണ കാലയളവിൽ ഇത്തരം ഇടങ്ങളിൽ ഈ സ്കാനർ സംവിധാനത്തിലൂടെ 20000-ത്തിലധികം ആളുകളെ പരിശോധിച്ചെന്നും, ഇത്തരം പരിശോധനകൾ 93.5 ശതമാനം സംവേദനക്ഷമത, രോഗബാധിതരെ കണ്ടെത്തുന്നതിൽ 83 ശതമാനം കൃത്യത എന്നിവ പ്രകടമാക്കിയതായും അധികൃതർ അറിയിച്ചു. എമിറേറ്റിൽ PCR, DPI പരിശോധനകൾക്കൊപ്പം EDE സ്കാനറുകളും ഉപയോഗിക്കുമെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി വ്യക്തമാക്കി.
ജനക്കൂട്ടം അനുഭവപ്പെടുന്ന ഇടങ്ങളിലും മറ്റും COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറിലൂടെ സാധിക്കുന്നതാണ്. ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ (IHC) കീഴിൽ EDE റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയാണ് ഈ സ്കാനർ വികസിപ്പിച്ചെടുത്തത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് കൊണ്ട്, COVID-19 വൈറസ് RNA കണികകളുടെ സാന്നിധ്യം കണ്ടെത്തുന്ന രീതിയിലാണ് ഈ സ്കാനർ പ്രവർത്തിക്കുന്നത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഏൽക്കുമ്പോൾ RNA കണികകളിലുണ്ടാകുന്ന മാറ്റങ്ങൾ അളക്കുന്നതിലൂടെയാണ് ഈ സ്കാനർ രോഗബാധ കണ്ടെത്തുന്നത്.
പൊതു ഇടങ്ങളിലേക്കും മറ്റുമുള്ള പ്രവേശനകവാടങ്ങൾ പോലുള്ള ഇടങ്ങളിൽ ഒരേ സമയം ഒരു കൂട്ടം ആളുകളെ പരിശോധിക്കുന്നതിനും, ഇതിൽ നിന്ന് രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഈ സ്കാനർ സംവിധാനം പര്യാപ്തമാണ്. ദൂരെ നിന്ന് പരിശോധനകൾ നടത്തുന്നതിനൊപ്പം പരിശോധനാ ഫലങ്ങൾ തത്സമയം അറിയുന്നതിനും, രോഗസാധ്യതയുള്ളവരെ ഉടൻ തന്നെ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.