അബുദാബി: എമിറേറ്റിലെ പൊതു ഇടങ്ങളിൽ ഇന്ന് മുതൽ Alhosn ഗ്രീൻ പാസ് നടപ്പിലാക്കും

GCC News

എമിറേറ്റിലെ ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതിന് Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഇന്ന് (2021 ജൂൺ 15, ചൊവ്വാഴ്ച്ച) മുതൽ ആരംഭിക്കും. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ നിവാസികൾക്കും, പൗരന്മാർക്കും എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കുന്നതാണ്.

ഇതിന്റെ ഭാഗമായി, എമിറേറ്റിലെ വിവിധ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഗ്രീൻ പാസ് നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. എമിറേറ്റിലെ പല സൂപ്പർമാർക്കറ്റുകളും, മാളുകളും ഗ്രീൻ പാസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന് കീഴിലുള്ള മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, യാസ് മാൾ, അബുദാബി മാൾ തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങൾ ജൂൺ 15 മുതൽ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, യാസ് വാട്ടർ വേൾഡ്, ഫെറാറി വേൾഡ് തുടങ്ങി യാസ് ഐലൻഡിൽ പ്രവർത്തിക്കുന്ന വിവിധ വിനോദകേന്ദ്രങ്ങൾ, ഖസ്ർ അൽ വതൻ മുതലായ ഇടങ്ങളിലും ഗ്രീൻ പാസ് നടപ്പിലാക്കുന്നതാണ്.

Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് എമിറേറ്റിൽ ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ജൂൺ 9-ന് വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് ജൂൺ 7-ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയ സാഹചര്യത്തിലാണ് അബുദാബി ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്.

2021 ജൂൺ 15 മുതൽ അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്:

  • ഷോപ്പിംഗ് മാളുകൾ, വലിയ സൂപ്പർ മാർക്കറ്റുകൾ.
  • ജിം.
  • ഹോട്ടലുകൾ, അവയിലെ വിവിധ സേവനങ്ങൾ.
  • പൊതു പാർക്കുകൾ, ബീച്ചുകൾ.
  • സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ്ങ് പൂളുകൾ.
  • വിനോദകേന്ദ്രങ്ങൾ, സിനിമാശാലകൾ, മ്യൂസിയം.
  • റെസ്റ്ററന്റുകൾ, കഫെ.

‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് ഓരോ മേഖലയിലേക്കും പ്രവേശനം അനുവദിക്കുന്നതിന് മുൻപായി, വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് ആധികാരികമായി പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്. എമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിൽ നിലവിലുള്ള പ്രവർത്തന നിബന്ധനകൾക്ക് പുറമെയാണ് ഈ പുതിയ നടപടികളെന്നും, ഇവ 16 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള മുഴുവൻ പേർക്കും ബാധകമാണെന്നും അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗ്രീൻ പാസ് സംവിധാനത്തിൽ, ഒരു വ്യക്തിയുടെ COVID-19 രോഗബാധ സംബന്ധിച്ച സ്റ്റാറ്റസ് അനുസരിച്ച് റെഡ്, ഗ്രീൻ, ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങൾ Alhosn ആപ്പിലൂടെ പ്രകടമാകുന്നതാണ്. COVID-19 പോസിറ്റീവ് ആകുന്നവരുടെ സ്റ്റാറ്റസ് റെഡ് നിറത്തിൽ ആപ്പിൽ തെളിയുന്നതാണ്. COVID-19 രോഗമില്ലാത്തവർക്ക് ഗ്രീൻ സ്റ്റാറ്റസ്, PCR പരിശോധനയുടെ കാലാവധി അവസാനിച്ചവരുടെ സ്റ്റാറ്റസ് ഗ്രേ നിറത്തിൽ എന്നിങ്ങനെ ഈ സംവിധാനത്തിലൂടെ തിരിച്ചറിയാവുന്നതാണ്.

വ്യക്തിയുടെ വാക്സിനേഷൻ സംബന്ധമായ സ്റ്റാറ്റസ്, PCR ടെസ്റ്റുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് കാലാവധി നിർണ്ണയിക്കുന്നത്. ഇതിനായി വ്യക്തികളെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുന്നു. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർ, രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ചവർ, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് വൈകിയവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർ എന്നിങ്ങനെയാണ് ഗ്രീൻ പാസിൽ വിവിധ നിറങ്ങൾ ഉപയോഗിച്ച് വ്യക്തികളെ തരം തിരിച്ചിരിക്കുന്നത്.

ഗ്രീൻ പാസ് മാനദണ്ഡങ്ങളുടെ ഭാഗമായി താഴെ പറയുന്ന രീതിയിലാണ് Alhosn ആപ്പിൽ കളർ-കോഡിംഗ് നടപ്പിലാക്കുന്നത്:

  • കാറ്റഗറി 1: കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച അല്ലെങ്കിൽ വാക്സിൻ ട്രയലുകളിൽ സന്നദ്ധപ്രവർത്തകരായ വാക്സിനേഷൻ നടത്തിയവരെ കാറ്റഗറി 1-ൽ ഉൾപ്പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം ലഭിച്ച് 30 ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ഗ്രീൻ പാസ് കാലാവധി നിലനിൽക്കുന്നതാണ്. ഒപ്പം ഏഴ് ദിവസത്തേക്ക് സജീവ ഐക്കൺ (അക്ഷരം ഇ അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ) കാണിക്കും. ഈ സജീവ ഐക്കൺ സ്റ്റാറ്റസ് നിലനിർത്തുന്നതിന് ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • കാറ്റഗറി 2: രണ്ടാമത്തെ ഡോസ് എടുത്ത് 28 ദിവസത്തിൽ താഴെ പൂർത്തിയാക്കിയവരെ കാറ്റഗറി 2-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം 14 ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
  • കാറ്റഗറി 3: കാറ്റഗറി 3-ൽ ആദ്യത്തെ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നവരും ഉൾപ്പെടുന്നു; അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
  • കാറ്റഗറി 4: ആദ്യ ഡോസ് ലഭിച്ചവരും രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് 48 ദിവസമോ അതിൽ കൂടുതലോ വൈകിയവരെ കാറ്റഗറി 4-ൽ ഉൾപ്പെടുത്തുന്നു; അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.
  • കാറ്റഗറി 5: രാജ്യത്തെ നടപടിക്രമങ്ങൾ അനുസരിച്ച് COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവരെ (വാക്സിൻ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർ) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം ഏഴ് ദിവസത്തേക്ക് പച്ച നിറത്തിൽ അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ ദൃശ്യമാകും.
  • കാറ്റഗറി 6: ഇതുവരെ വാക്സിനെടുക്കാത്തവരെ (വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കാത്ത വിഭാഗത്തിൽപ്പെടുന്ന) ഈ വിഭാഗത്തിൽ പെടുത്തുന്നതാണ്. അവർക്ക് നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലം അൽ‌ഹോസ്ൻ അപ്ലിക്കേഷനിൽ മൂന്ന് ദിവസത്തേക്ക് പച്ചയായി ദൃശ്യമാകും.

മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങൾക്കും, പ്രസക്തമായ PCR ടെസ്റ്റ് സാധുത അവസാനിച്ചുകഴിഞ്ഞാൽ‌ അൽ‌ഹോസ്ൻ സ്റ്റാറ്റസ് പച്ചയിൽ‌ നിന്നും ചാരനിറത്തിലേക്ക് മാറും. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ സ്റ്റാറ്റസ് ചുവപ്പായി മാറും, അതിനുശേഷം അംഗീകൃത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. Alhosn ആപ്പിലെ ഗ്രീൻ പാസ് നിലനിർത്തുന്നതിന് കൃത്യമായ ഇടവേളകളിൽ PCR പരിശോധന നടത്തേണ്ടതാണ്.