അബുദാബി: രോഗികളുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ച പഠനങ്ങൾക്കായി ‘കോൺടാക്റ്റ് ട്രേസിംഗ് അസിസ്റ്റന്റ് സിസ്റ്റം’ ആരംഭിച്ചു

featured GCC News

എമിറേറ്റിലെ COVID-19 രോഗികളുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ച പഠനങ്ങൾക്കായി ഒരു പ്രത്യേക കോൺടാക്റ്റ് ട്രേസിംഗ് അസിസ്റ്റന്‍റ് സിസ്റ്റത്തിന് രൂപം നൽകിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) അറിയിച്ചു. എമിറേറ്റിലെ COVID-19 രോഗബാധ സംബന്ധിച്ച അന്വേഷണങ്ങളുടെ വ്യാപ്തി കൂടുതൽ സമഗ്രമായി വികസിപ്പിക്കുന്നതിനും, പൊതുസമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള COVID-19 വ്യാപന സാധ്യത പ്രവചിക്കുന്നതിനും, ഇതിലൂടെ വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ സംവിധാനം.

ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ COVID-19 പോസിറ്റീവ് കേസുകളുമായി കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനും ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. ADPHC-യും അബുദാബി ആരോഗ്യവകുപ്പും (DOH) സംയുക്തമായാണ് മേഖലയിലെ ആദ്യത്തെ ഇൻവെസ്റ്റിഗേറ്റീവ് ആന്‍റ് കോൺ‌ടാക്റ്റ് ട്രേസിംഗ് സംവിധാനമായ കോൺ‌ടാക്റ്റ് ട്രേസിംഗ് അസിസ്റ്റൻറ് സിസ്റ്റത്തിന് രൂപം നൽകിയിരിക്കുന്നത്. പോസിറ്റീവ് COVID-19 കേസുകളുമായി ഒരു വെർച്വൽ ചാറ്റ് നടത്തുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

COVID-19 രോഗബാധിതനായ ഒരാളെ പോസിറ്റീവ് ആകുന്നത് സംബന്ധിച്ച ഫലം അറിയിക്കുന്ന വേളയിൽ തന്നെ ഈ സംവിധാനം സ്വയമേവ വിർച്വൽ ചാറ്റിനായുള്ള ലിങ്ക് അടങ്ങിയ ഒരു SMS അയയ്ക്കുന്നതാണ്. ഈ SMS ലഭിക്കുന്ന വ്യക്തിയുടെ എമിറേറ്റ്സ് ഐഡി പരിശോധിച്ചുറപ്പിച്ച ശേഷം, ഈ സംവിധാനം വ്യക്തിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി വിവിധ ചോദ്യങ്ങൾ ഉന്നയിക്കുന്ന രീതിയിൽ വ്യക്തിയുമായി സംഭാഷണം നടത്തുന്നതാണ്.

ഈ സംവിധാനത്തിലൂടെ എമിറേറ്റിലെ രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന വിഭാഗത്തിന് രോഗബാധിതരുടെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ, തൊഴിലിടങ്ങളിൽ നിന്ന് രോഗബാധയേൽക്കാനുള്ള സാധ്യത, രോഗബാധിതരുമായി അടുത്തിടെ സമ്പർക്കം പുലർത്താനിടയായ സാഹചര്യം മുതലായ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും, അന്വേഷണ പ്രക്രിയ വിപുലീകരിക്കുന്നതിനും സാധിക്കുന്നതാണ്.

രോഗബാധിതർ കഴിഞ്ഞ 48 മണിക്കൂറിനിടയിൽ സമ്പർക്കത്തിനിടയായ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ രഹസ്യാത്മകമായി പരിഗണിക്കുന്നതാണെന്നും, അന്വേഷണ സംഘത്തിന് പുറത്തുള്ള ആരുമായും ഈ വിവരങ്ങൾ പങ്കിടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഈ വിവരങ്ങൾ അവലോകനം ചെയ്യുന്നതിലൂടെ വ്യക്തമല്ലാത്ത വിവരങ്ങൾ, ലഭ്യമല്ലാത്ത വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി ആവശ്യമായ ഫോൺ കോളുകൾ നടത്തുന്നതിനും അന്വേഷണ സംഘത്തിന് സാധിക്കുന്നതാണ്. ഈ സംവിധാനത്തിൽ നിന്നുള്ള സേവനങ്ങൾ അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഈ സംവിധാനത്തിലൂടെ രോഗബാധിതരുമായും, സമ്പർക്കപ്പട്ടികയിലുള്ളവരുമായും മികച്ച ആശയവിനിമയം നടത്താൻ സാധ്യമാണെന്നും, ഓരോ കേസിലും ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ഈ സംവിധാനം സഹായിക്കുമെന്നും ADPHC ഡയറക്ടർ ജനറൽ മത്താർ അൽ നുയിമി വ്യക്തമാക്കി.

WAM