അബുദാബി: വിനോദസഞ്ചാര മേഖലയിലെ വാണിജ്യപ്രവർത്തനങ്ങൾക്കായി 1000 ദിർഹത്തിന്റെ പുതിയ വാർഷിക ലൈസൻസിംഗ്

featured UAE

എമിറേറ്റിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഒരു പുതിയ ടൂറിസം ബിസിനസ് ലൈസൻസിംഗ് സംരംഭം ആരംഭിച്ചു. ഇത് പ്രകാരം, 2022 ജനുവരി മുതൽ ടൂറിസം ബിസിനസ് ലൈസൻസുകൾക്ക് പ്രതിവർഷം 1,000 ദിർഹം എന്ന പരിധിയിൽ വരുന്ന ഒരു പുതുക്കിയ ഫീസ് ഘടന DCT അവതരിപ്പിച്ചിട്ടുണ്ട്.

ബിസിനസ്സ് പ്രവർത്തനത്തിന്റെ തോത് അനുസരിച്ച് വ്യത്യസ്ത ഫീസ് തുകകൾ അടക്കുന്ന നിലവിലുള്ള ലൈസൻസ് ഉടമകൾക്ക് ഈ പുതിയ സംരംഭം ഏറെ സഹായകരമായിരിക്കും. കൂടാതെ കഴിഞ്ഞ 18 മാസമായി വെല്ലുവിളികൾ നേരിടുന്ന ടൂറിസം മേഖലയ്ക്ക് ഗണ്യമായ ഉത്തേജനമേകുന്നതാണ് ഈ തീരുമാനം.

അബുദാബി സാമ്പത്തിക വികസന വകുപ്പ്, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബുദാബി ചേംബർ അംഗത്വ ഫീസ്, യോഗ്യതാ സർട്ടിഫിക്കറ്റ് ഫീസ് എന്നിവയുൾപ്പെടെ നിരവധി അബുദാബി സർക്കാർ സ്ഥാപനങ്ങൾക്ക് അടയ്‌ക്കേണ്ട ഫീസ് തുകകൾ ഈ പരിഷ്‌ക്കരിച്ച പുതിയ ബിസിനസ്സ് ലൈസൻസ് ഫീസ് ഘടന വാഗ്ദാനം ചെയ്യുന്നു. ഇതിൽ അപേക്ഷിക്കുന്ന ബിസിനസ്സിന്റെ തരം അനുസരിച്ച് തുക ക്രമീകരിക്കാവുന്ന രീതിയിൽ അബുദാബിയുടെ റെഗുലേഷൻ ഫീസും ഉൾക്കൊള്ളുന്നു. ടൂറിസം വ്യവസായങ്ങൾക്ക് ഈ പുതുക്കിയ ലൈസൻസിംഗ് ഫീ സംവിധാനം ലൈസൻസ് ഫീസ് ചെലവിൽ ഏകദേശം 90 ശതമാനം കുറവ് നൽകുന്നതാണ്.

എമിറേറ്റിലെ നിലവിലുള്ള ബിസിനസുകൾക്ക് പ്രയോജനം ചെയ്യുന്നതിനും പുതിയ നിക്ഷേപകരെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും ഈ ലൈസൻസ് ഫീസ് പരിധി ലക്ഷ്യമിടുന്നു. ഇതിലൂടെ ചലനാത്മക വിനോദം, സംസ്കാരം, MICE ടൂറിസം മേഖലകളിൽ പ്രാദേശികമായും അന്തർദേശീയമായും ഒരു മുൻനിര ലക്ഷ്യസ്ഥാനമായി അബുദാബിയെ ഉയർത്തുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.

WAM