എമിറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികൾ തുടങ്ങിയവയ്ക്ക് ശബ്ദ, വായു മലിനീകരണ പരിധികൾ ബാധകമാക്കിയതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിച്ചു. 2024 മെയ് 10-നാണ് EAD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദാബിയിലെ വായു ഗുണനിലവാര സംവിധാനവുമായി ബന്ധപ്പെട്ട് EAD ചെയർമാൻ ഹംദാൻ ബിൻ സായിദ് ‘2/ 2024’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. എമിറേറ്റിലെ പരിസ്ഥിതി സംരക്ഷിക്കുന്നതും, വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധികൾക്കുള്ളിൽ നിയന്ത്രിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
എമിറേറ്റിനെ വലയം ചെയ്യുന്ന വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും, എമിറേറ്റിലെ വാഹനങ്ങൾ, വ്യവസായങ്ങൾ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്ന് പുറംതള്ളുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനും, എമിറേറ്റിലുടനീളം ശബ്ദത്തിന്റെ അളവ് നിശ്ചിത പരിധിയ്ക്കുള്ളിൽ നിൽക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ഈ തീരുമാനം ലക്ഷ്യമിടുന്നു.
അന്തരീക്ഷ വായു നിലവാരം സംബന്ധിച്ച ഈ വ്യവസ്ഥകൾ എമിറേറ്റിലെ എല്ലാ സ്ഥാപനങ്ങൾക്കും, പദ്ധതികൾക്കും ബാധകമായിരിക്കുന്നതാണ്. ഇവയുടെ പ്രവർത്തനങ്ങൾ EAD-യിൽ നിന്ന് ലഭിക്കുന്ന ഒരു പരിസ്ഥിതി ലൈസൻസ് പ്രകാരമാക്കി നിയന്ത്രിക്കുന്നതാണ്.
ഈ ഉത്തരവ് അനുസരിച്ച് എമിറേറ്റിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് EAD തുടർച്ചയായുള്ള നിരീക്ഷണങ്ങളും, പരിശോധനകളും നടത്തുന്നതാണ്.
Cover Image: Abu Dhabi Media Office.