ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി. എമിറേറ്റിലെ പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവർ മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങളാണ് ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, ഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ നേരിട്ടുള്ള ഒത്ത് ചേരലുകൾ ഒഴിവാക്കാനും, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഒത്ത് ചേരലുകൾ ഉപയോഗപ്പെടുത്താനും പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ അറിയിച്ചിട്ടുണ്ട്:
- കൈകളുടെ ശുചിത്വം, സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ എല്ലാ COVID-19 സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
- കൂട്ടുകാരുമായും, കുടുംബാംഗങ്ങളുമായും ആശംസകൾ പങ്ക് വെക്കുന്നതിന് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾ കഴിയുന്നതും പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- കുട്ടികൾക്ക് പണമോ മറ്റു സമ്മാനങ്ങളോ നേരിട്ട് നൽകുന്നത് ഒഴിവാക്കാനും, പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെ സമ്മാനങ്ങൾ നൽകാനും അധികൃതർ ആഹ്വാനം ചെയ്തു. ബാങ്ക് സന്ദർശനങ്ങൾ ഒഴിവാക്കുന്നതിനായി പണമിടപാടുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- ആളുകൾ ഒത്ത് കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
ഇതിന് പുറമെ, 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിൽ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും, രാത്രികാലങ്ങളിൽ അഞ്ച് മണിക്കൂർ യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദിനവും രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയാണ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ സമയങ്ങളിലുള്ള അടിയന്തിര യാത്രകൾക്ക് അബുദാബി പോലീസിൽ നിന്നുള്ള മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ജൂലൈ 19 മുതൽ എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ മാറ്റം വരുത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.