ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി. 2022 ജൂലൈ 8-നാണ് അബുദാബി അധികൃതർ ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിലെ പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവർ മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങളാണ് ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈദുൽ അദ്ഹ വേളയിൽ സാമൂഹിക ചടങ്ങുകളിൽ പാലിക്കേണ്ടതായ മുൻകരുതൽ നടപടികൾ ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
- രോഗബാധയേൽക്കാൻ സാധ്യതയുള്ളവരുമായി ഇടപഴകുന്ന അവസരത്തിൽ കൈകളുടെ ശുചിത്വം, സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ എല്ലാ COVID-19 സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
- ആഘോഷങ്ങളും, ഒത്ത്ചേരലുകളും കുടുംബാംഗങ്ങൾക്കിടയിൽ മാത്രമാക്കി നിയന്ത്രിക്കേണ്ടതാണ്.
- കൂട്ടുകാരുമായും, കുടുംബാംഗങ്ങളുമായും ആശംസകൾ പങ്ക് വെക്കുന്നതിന് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- കുട്ടികൾക്ക് പണമോ മറ്റു സമ്മാനങ്ങളോ നേരിട്ട് നൽകുന്നത് ഒഴിവാക്കാനും, പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെ സമ്മാനങ്ങൾ നൽകാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
- സമൂഹത്തിലെ മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ഇതിനു മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR റിസൾട്ട് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്താൻ NCEMA നേരത്തെ ആഹ്വാനം ചെയ്തിട്ടുണ്ട്.