എമിറേറ്റിലെ വിവിധ ഇടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് യാത്രികർക്ക് അതിവേഗ യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഒരു പ്രത്യേക നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. എമിറേറ്റിലെ സ്വകാര്യ സേവനദാതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ റാപിഡ് ബസ് ട്രാൻസ്പോർട്ട് സേവനം ITC നടപ്പിലാക്കുന്നത്.
യാത്രികർക്ക് സുഗമമായും, സുരക്ഷിതരായും, കൂടുതൽ വേഗത്തിലും വിവിധ ഇടങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്ന, സ്റ്റോപ്പുകളുടെ എണ്ണം തീരെ കുറവുള്ള, നേരിട്ടുള്ള ബസ് സർവീസാണിത്. 2022 മാർച്ച് 14 മുതൽ ഈ നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് സേവനങ്ങൾ ലഭ്യമാകുന്നതാണ്.
രണ്ട് ഘട്ടങ്ങളിലായാണ് യാത്രികർക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ മുസഫ ഇൻഡസ്ട്രിയൽ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഈ സേവനം ലഭ്യമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഖലീഫ സിറ്റി, ബാനി യാസ്, അൽ ഷഹാമ, അൽ ഫലാഹ് തുടങ്ങിയ മേഖലകളെ ഈ സേവനത്തിന് കീഴിൽ ഉൾപ്പെടുത്തുന്നതാണ്.
ഈ മേഖലകളിൽ നിന്ന് അബുദാബി നഗരത്തിലേക്ക് നാല് റൂട്ടുകളിലൂടെ നേരിട്ടുള്ള സർവീസ് നൽകുന്നതാണ്. അബുദാബി സിറ്റിയിലെ പ്രധാന ബസ് സ്റ്റേഷനിൽ യാത്രകൾ അവസാനിപ്പിക്കുന്നത് പോലെയാണ് ഈ സർവീസ് നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ അൽ ഐനിലെ അൽ ഹിയാർ, അൽ ഫഖ, സ്വീഹാൻ, അൽ ഷിവായ്ബ്, നാഹിൽ, അബു സംറ, അൽ വിഖാൻ, അൽ ഖൊഅ തുടങ്ങിയ ഇടങ്ങളിലും ഈ സർവീസ് ആരംഭിക്കുന്നതാണ്.
അബുദാബി നഗരത്തിൽ ആദ്യ ഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിലാണ് നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് ആരംഭിക്കുന്നത്:
- E-01 – അബുദാബി ഇൻഡസ്ട്രിയൽ സിറ്റി, മുസഫയിൽ നിന്ന്.
- E-02 – മുസഫയിൽ നിന്ന് നേരിട്ട്.
- E-03 – മുസഫ ടൌൺ ബസ് ടെർമിനലിൽ നിന്ന്.
- E-04 – ഖലീഫ സിറ്റിയിലെ സഫീർ മാളിൽ നിന്ന്.
നോൺ സ്റ്റോപ്പ് എക്സ്പ്രസ്സ് ബസ് സർവീസ് പ്രവർത്തന സമയക്രമം:
- പ്രവർത്തിദിനങ്ങളിൽ – രാവിലെ 5 മുതൽ രാത്രി 10 വരെ.
- വാരാന്ത്യ ദിനങ്ങൾ, പൊതു അവധി ദിനങ്ങൾ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
തിരക്കേറിയ സമയങ്ങളിൽ ഓരോ 10 മിനിറ്റ് ഇടവേളയിലും, അല്ലാത്ത സമയങ്ങളിൽ ഓരോ 25 മിനിറ്റ് ഇടവേളയിലുമായാണ് ഈ സർവീസ് നടപ്പിലാക്കുന്നത്.