എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) ആവർത്തിച്ചു. ഇത്തരം നിയമങ്ങൾ സംബന്ധിച്ച് അബുദാബിയിലെ ഡ്രൈവർമാർ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്ന് ITC ആഹ്വാനം ചെയ്തിട്ടുണ്ട്.
ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, ബസ് സ്റ്റോപ്പുകളിൽ തങ്ങളുടെ വാഹനങ്ങൾ നിർത്തി യാത്രികരെ കയറ്റുന്നതും, ഇറക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും പിഴ ലഭിക്കാവുന്ന നിയമലംഘനങ്ങളായി കണക്കാക്കുമെന്ന് ITC വ്യക്തമാക്കി. ഇത്തരം പ്രവർത്തങ്ങളിലേർപ്പെടുന്ന ഡ്രൈവർമാർക്ക് 2000 ദിർഹം പിഴ ചുമത്തുന്നതാണ്.
ഇത്തരം പ്രവർത്തനങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്നും ITC കൂട്ടിച്ചേർത്തു. ഇതിന് പുറമെ, പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും ITC വ്യക്തമാക്കി.
മറ്റു വാഹനങ്ങൾ ബസ് സ്റ്റോപ്പുകളിൽ നിർത്തിയിടുന്നതിലൂടെ റോഡ് ഗതാഗതത്തിന് തടസം നേരിടേണ്ടിവരുന്ന സാഹചര്യവും ITC ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള പരിശോധനകൾ ശക്തമാക്കിയതായി ITC കൂട്ടിച്ചേർത്തു.
Cover Image: ITCAbuDhabi